ജീവിതത്തിൽ ഉണ്ടായത് അതേപടി കാണിച്ച പോലെ, അന്തം വിട്ടുപോയി; യഥാർത്ഥ 'ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

'എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ അതേപടി കാണിച്ചപോലെ തോന്നി. അൽപ സ്വല്പം പൊടിപ്പും തൊങ്ങലും ഒക്കെയുണ്ട്'

ജീവിതത്തിൽ ഉണ്ടായത് അതേപടി കാണിച്ച പോലെ, അന്തം വിട്ടുപോയി; യഥാർത്ഥ 'ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ
dot image

മലയാളികൾ എന്നും ഓർത്തിരിക്കുന്ന സിനിമയാണ് പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികൾ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്-കാരിക്കത്ത് ഉണ്ണിമേനോൻ. തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്നാണ് പത്മരാജൻ ജയകൃഷ്ണനെ സൃഷ്ടിച്ചത്. ഇപ്പോഴിതാ തൂവാനത്തുമ്പികൾ ആദ്യമായി കണ്ടതിനെക്കുറിച്ച് മനസുതുറക്കുകയാണ് ഉണ്ണിമേനോൻ.

'ദുബൈയിലെ ഗലേറിയ തിയേറ്ററിൽ വെച്ചാണ് തൂവാനത്തുമ്പികൾ ആദ്യമായി കാണുന്നത്. പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ആദ്യം അന്തം വിട്ടുപോയി. കാരണം എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ അതേപടി കാണിച്ചപോലെ തോന്നി. അൽപ സ്വല്പം പൊടിപ്പും തൊങ്ങലും ഒക്കെയുണ്ട്. ആ സിനിമ എന്റെ ഉള്ളിൽ തട്ടി. ജയകൃഷ്ണൻ എന്ന കഥാപാത്രം അതിമനോഹരമായിട്ട് ചെയ്തതായി തോന്നി. ആ കഥാപാത്രം നഗരത്തിൽ വരുമ്പോൾ ഉള്ള മാറ്റങ്ങൾ, ആട്ടിൻ തല വാങ്ങാൻ പോകുന്നത് ഒക്കെ അന്ന് നടന്ന സംഭവങ്ങൾ ആണ്. സിനിമ കണ്ടിട്ട് ഞങ്ങൾ കണ്ട ഉണ്ണിമേനോൻ അല്ല ഈ കാണുന്നത് എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. അവരുടെ മുൻപിൽ എന്റെ വേറെ ഒരു മുഖമാണ് കണ്ടിട്ടുള്ളത്. ജീവിക്കുന്ന ഈ നിമിഷം സെലിബ്രേറ്റ് ചെയ്യുക എന്നതാണ് എനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ ആണ് അതിൽ ഒരു മാറ്റവും വന്നിട്ടില്ല', ഉണ്ണിമേനോന്റെ വാക്കുകൾ.

mohanlal

മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര എന്ന പരിപാടിയിലൂടെയാണ് ഉണ്ണിമേനോൻ മനസുതുറന്നത്‌. ജിജോ ജോസഫ് (ക്രിയേറ്റീവ് ഡയറക്ടർ), മിൽട്ടൺ പിടി (ഛായാ​ഗ്രഹണം), ജോൺകുട്ടി (എഡിറ്റിങ്), സൂരജ് എസ്.കുറുപ്പ് (സം​ഗീതം) തുടങ്ങിയവരാണ് ഈ പരിപാടിയുടെ അരങ്ങിൽ പ്രവർത്തിച്ചവർ. പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികൾ എന്ന സിനിമയ്ക്ക് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിലെ ക്ലാര, ജയകൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങളെ ഇന്ന് പ്രേക്ഷകർ ആഘോഷിക്കുന്നുണ്ട്. മോഹൻലാൽ, സുമലത, പാർവതി, അശോകൻ, ബാബു നമ്പൂതിരി തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. പത്മരാജൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയതും.

Content Highlights:  Mohanlal meets the real 'Jayakrishnan' from Thoovanathumbikal for the first time

dot image
To advertise here,contact us
dot image