

ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന സിനിമയുടെ പ്രൊമോഷനായി കോളേജിൽ എത്തവേ നടൻ കുഞ്ചാക്കോ ബോബനെ ട്രോളി ദിലീഷ് പോത്തൻ. താൻ 30 കൊല്ലം മുൻപ് കോളേജിൽ പഠിക്കുമ്പോഴും അന്ന് കലോത്സവത്തിൽ ഉദ്ഘാടനത്തിന് എത്തിയത് ചാക്കോച്ചൻ ആണെന്ന് തമാശകലർന്ന് പറയുകയാണ് ദിലീഷ് പോത്തൻ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'ഞാൻ കോളേജിൽ നിന്ന് പഠിച്ച് ഇറങ്ങിയിട്ട് ഏകദേശം 30 വർഷം കഴിഞ്ഞു. എന്റെ കോളേജിലും യൂണിയനിൽ കലോത്സവത്തിൽ ഉദ്ഘാടനത്തിന് വന്നത് അന്നത്തെ യുവതാരമായിരുന്ന കുഞ്ചാക്കോ ബോബൻ ആയിരുന്നു. നിങ്ങൾ വീട്ടിൽ ചെന്ന് നിങ്ങളുടെ പാരന്റ്സിനോട് ചോദിച്ചാൽ അവരുടെ കോളേജിൽ യൂണിയനിലും, വല്യച്ഛനോടും വല്യമ്മയോടും ചോദിച്ചാൽ അവരുടെ കോളേജിലും ഉദ്ഘാടത്തിന് വന്നത് ചാക്കോച്ചൻ ആയിരിക്കും', ദിലീഷ് പോത്തന്റെ വാക്കുകൾ. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെയും സജിൻ ഗോപുവിന്റെയും പ്രകടനങ്ങൾക്ക് കയ്യടി ലഭിക്കുന്നുണ്ട്. കോമഡിയും സസ്പെൻസും ഒത്തിണക്കിയ ഒന്നാന്തരം പടമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ എന്നാണ് മറ്റു ചില അഭിപ്രായങ്ങൾ. ഡോൺ വിൻസെന്റിന്റെ സംഗീതത്തിനും മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Content Highlights: Dileesh Pothan trolls Kunchako Boban at a college event