

'മുത്തുരാമലിങ്കം' എന്ന സിനിമ തന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് നടൻ ഗൗതം കാർത്തിക്. തന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ പരാജയമായിരുന്നു അതെന്നും അതിന് ശേഷം മാസ് സിനിമകൾ ചെയ്യാൻ ഭയമാണെന്നും ഗൗതം കാർത്തിക് പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റർ എക്സിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
'മുത്തുരാമലിങ്കം ഒരു കുറ്റബോധത്തോടെ മാത്രം ഞാനോർക്കുന്ന ഒരു പഴയ കഥയാണ്. എന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ സിനിമ. അറിവില്ലായ്മയുടെയും മനസിലാക്കാൻ കഴിയാത്തതിന്റെയുമൊക്കെ പ്രശ്നമുണ്ട് അതിൽ. എന്റെ ജീവിതത്തിലെ, എന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു അത്. അതോടെ അത്തരം മാസ് ഴോണർ തന്നെ ഞാൻ ഒഴിവാക്കി. വിവിധ ഴോണറുകളിലുള്ള സിനിമകൾ ചെയ്യാമെന്ന് പിന്നീട് ഞാൻ തീരുമാനിച്ചു. ഇതുപോലെ എന്റെ ജീവിതത്തിൽ തെറ്റായ ഒരുപാട് തീരുമാനങ്ങൾ ഞാനെടുത്തിട്ടുണ്ട്. പക്ഷേ ഞാൻ അവയിൽ നിന്ന് പഠിക്കുകയും എന്റെ യാത്രയെ കൂടുതൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഒരു പോയിന്റിൽ ഞാൻ മനസിലാക്കിയ കാര്യമെന്താണെന്നു വച്ചാൽ, ഇതുപോലെയുള്ള മാസ് സിനിമകളൊക്കെ ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാവുന്നതാണെന്നാണ്. പക്ഷേ അത് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു സംവിധായകനൊപ്പം മാത്രമേ ചെയ്യാവൂ. അങ്ങനെയാണ് മുത്തയ്യ സാറിനൊപ്പം ഞാൻ ദേവരാട്ടം ചെയ്യുന്നത്. ആ സിനിമ എന്നെക്കുറിച്ചു കൂടി പ്രേക്ഷകരിലേക്ക് എത്താൻ സഹായിച്ചു. നല്ല പ്രേക്ഷക സ്വീകാര്യതയും ആ സിനിമയ്ക്ക് കിട്ടിയിരുന്നു. പക്ഷേ എനിക്ക് ഇപ്പോഴും മാസ് റോളുകൾ ചെയ്യാൻ പേടിയാണ്', ഗൗതം കാർത്തിക്കിന്റെ വാക്കുകൾ.
രാജദുരൈ കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് മുത്തുരാമലിങ്കം. പ്രിയ ആനന്ദ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. നിരവധി ട്രോളുകൾ ലഭിച്ച സിനിമ ബോക്സ് ഓഫീസിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
Content Highlights: Muthuramalingam was the biggest mistake of my life, now I'm afraid to do mass roles says Gautham Karthik