

ഇന്ത്യന്‍ സിനിമയില്‍ അല്ലു അര്‍ജുന്‍ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നു എന്ന് കേട്ടാല്‍ രാജ്യം മുഴുവന്‍ അത് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ്. അത് വെറുമൊരു പോസ്റ്റര്‍ റിലീസ് മാത്രമല്ല, മറിച്ച് ഇന്ത്യന്‍ സിനിമയുടെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്ന നിമിഷമാണ്. ഓരോ പ്രോജക്റ്റിലൂടെയും തന്റെ താരമൂല്യം ഉയര്‍ത്തുന്ന അല്ലു അര്‍ജുന്‍ പുഷ്പ 2 എന്ന ആഗോള വിജയത്തിന് പിന്നാലെ വീണ്ടും രാക്ക യിലൂടെ അത്ഭുതപ്പെടുത്തുകയാണ്.
വിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും കംഫര്‍ട്ട് സോണില്‍ ഒതുങ്ങാന്‍ അല്ലു അര്‍ജുന്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് രാക്ക എന്ന പുതിയ ചിത്രം. പുഷ്പ യ്ക്ക് ശേഷം തികച്ചും വ്യത്യസ്തമായ, പരുക്കന്‍ ലുക്കിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ കഥാപാത്രങ്ങളെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അദ്ദേഹത്തിന്റെ മനസ്സ് ഒരിക്കല്‍ കൂടി ഇവിടെ വ്യക്തമാകുന്നു.

ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, രാക്കയിലെ പ്രത്യേക ലുക്ക് കൈവരിക്കാന്‍ ദിവസവും 3 മുതല്‍ 4 മണിക്കൂര്‍ വരെ നീളുന്ന തീവ്രമായ തയ്യാറെടുപ്പുകളാണ് അല്ലു അര്‍ജുന്‍ നടത്തുന്നത്. മേക്കപ്പിലും ശരീരഭാഷയിലും വരുത്തേണ്ട മാറ്റങ്ങള്‍ക്കായി പുലര്‍ത്തുന്ന ഈ അച്ചടക്കവും അര്‍പ്പണബോധവും സഹപ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തുകയാണ്. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരു തുടക്കക്കാരന്റെ ആവേശത്തോടെ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ചിത്രത്തിന്റെ ലുക്ക് പുറത്തുവന്നതിന് പിന്നാലെ തന്നെ അത് പോപ്പുലര്‍ കള്‍ച്ചറിലും തരംഗമായിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ അല്ലു അര്‍ജുന്റെ പുതിയ സിഗ്‌നേച്ചര്‍ ആംഗ്യം അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റിലീസിന് മുന്‍പേ തന്നെ ഒരു കഥാപാത്രം ഇത്രമേല്‍ സ്വാധീനം ചെലുത്തുന്നത് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്.
വിജയം ആവര്‍ത്തനങ്ങളിലേക്ക് നയിക്കുമ്പോള്‍ അല്ലു അര്‍ജുന്‍ തന്റെ യാത്രയില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നു. രാക്ക എന്നത് വെറുമൊരു മേക്കോവര്‍ മാത്രമല്ല, കൃത്യമായ ആസൂത്രണം, കഠിനധ്വാനം ഇവയുടെ ഫലമാണ്. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അല്ലു അര്‍ജുന്‍ ഓരോ ചുവടും വെക്കുന്നത്. പരീക്ഷണങ്ങള്‍ക്കും കഠിനാധ്വാനത്തിനും താന്‍ എപ്പോഴും തയ്യാറാണെന്ന് രാക്കയിലൂടെ അദ്ദേഹം വീണ്ടും തെളിയിക്കുന്നു. നിരന്തരമായ മാറ്റങ്ങളിലൂടെയും അചഞ്ചലമായ പരിശ്രമത്തിലൂടെയുമാണ് യഥാര്‍ത്ഥ താരപദവി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രം രാക്കയുടെ ടൈറ്റില്‍ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അടുത്തിടെയാണ് പുറത്തിറക്കിയത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് അല്ലു അര്‍ജുനും ദീപിക പദുക്കോണും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഈ കരുത്തുറ്റ താരജോഡികളെ സ്‌ക്രീനില്‍ കാണാന്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കും ജവാന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‌ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്‌ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളില്‍ വ്യത്യസ്തമായെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Allu Arjun gets a major makeover in 'Rakka'