

2018 , രേഖാചിത്രം, ആട് 3 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പരിപാടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടന് ജോജു ജോര്‍ജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ആണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുന്ന ചിത്രത്തിന്റെ ആക്ടര്സ് ഗ്രൂമിങ് പ്രോഗ്രാമും കഴിഞ്ഞ 3 മാസമായി നടക്കുകയായിരുന്നു.
2024 ല്‍ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ 'പണി' ഗംഭീര ബോക്സോഫീസ് കലക്ഷന്‍ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയില്‍ 'പരിപാടി' വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കും. ടോക്സിക് ഉള്‍പ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങള്‍ക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകന് രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്സ് സംഘട്ടനം ഒരുക്കുന്നു എന്നതും 'പരിപാടി'യുടെ ഹൈലൈറ്റ് ആണ്.
സൂപ്പര്‍ഹിറ്റ് തമിഴ് സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'പരിപാടി'. നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച 2018 , ആട് 3 , 50 കോടി ക്ലബില്‍ ഇടം പിടിച്ച രേഖാചിത്രം, മാളികപ്പുറം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനി തങ്ങളുടെ പുതിയ ചിത്രവുമായി എത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വളരെ വലുതാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളില്‍ ആണ് ചിത്രം റിലീസിനെത്തുക.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാന്‍ ശങ്കര്‍ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈന്‍ : അജയന്‍പി അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ : സാബുl മോഹന്‍, സംഘട്ടനം : അന്‍പറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- ജയന് നമ്പ്യാര്‍, നിര്‍മ്മാണ ഏകോപനം : ഗോപകുമാര്‍ ജികെ, നിര്‍മ്മാണ നിര്‍വ്വഹണം : വര്‍ക്കി ജോര്‍ജ്, നിര്‍മാണ നിയന്ത്രണം : ദീപക് പരമേശ്വരന്, വസ്ത്രാലങ്കാരം : മെല്‍വി ജെ, മേക്കപ്പ് : ഷമീര്‍ ശാം, രൂപപരിവര്‍ത്തന ചമയം : എന്‍ ജി റോഷന്, വിഎഫ്എക്സ് : ലിറ്റില്‍ ഹിപ്പോ, മുഖ്യ സഹസംവിധായകന് : ഷെല്ലി ശ്രീസ്, പരസ്യകല : സര്‍ക്കാസനം, പിആര്‍ഒ & മാര്‍ക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍
Content Highlights: Joju George announces his second directorial after Pani. The new movie titled Paripadi is produced by Venu Kunnappilly.