

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് വേണ്ടി വാദിച്ച് ഇന്ത്യൻ മുൻതാരം രവിചന്ദ്രൻ അശ്വിൻ. അവിശ്വസനീയമായ ഫോമിൽ കളിക്കുന്ന ശ്രേയസിനെ ഇനിയും ഇന്ത്യയുടെ ടി20 ടീമിന്റെ നേതൃനിരയിലേക്ക് പരിഗണിക്കാതിരിക്കുന്ന ദേശീയ സെലക്ടര്‍മാരുടെ തീരുമാനമാണെന്ന് പറഞ്ഞ അശ്വിന്‍, ശ്രേയസ് അയ്യരെ പോലെ ഒരു പ്രതിഭയ്ക്ക് പുറത്തിരിക്കേണ്ടിവരുന്നത് അദ്ദേഹത്തിന്‍റേതല്ല മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടമാണെന്നും അശ്വിന്‍ പറഞ്ഞു.
'ശ്രേയസ് അയ്യരെപ്പോലുള്ള ഒരു കളിക്കാരൻ ഇപ്പോഴും ടി20 ടീമിലോ നേതൃത്വ ഗ്രൂപ്പിലോ ഇല്ലെങ്കിൽ, അത് അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് നമ്മുടെനഷ്ടമാണ്', അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. 'അയ്യരുടെ ശരീരഭാഷയും മത്സരത്തെ സമീപിക്കുന്ന രീതിയും തികച്ചും ശാന്തമാണ്. അത് ടീമിന് മൊത്തത്തില്‍ ആത്മവിശ്വാസം നല്‍കുന്നു. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരങ്ങളിലടക്കം റണ്‍സ് പിന്തുടരുമ്പോള്‍ അദ്ദേഹം കാണിക്കുന്ന പക്വത പ്രശംസനീയമാണ്', അശ്വിൻ കൂട്ടിച്ചേർത്തു.
2023 ഡിസംബർ മുതൽ അയ്യർ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ല. കൂടാതെ 2024 ലും 2026 ലും രാജ്യത്തിന്റെ ടി20 ലോകകപ്പ് ജേതാക്കളായ ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
Content Highlights: 'Our Loss Not His': R Ashwin's bold remark on Shreyas Iyer's T20 snub