

പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയുടെ വ്യാപാര രംഗത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയതെന്ന് വ്യക്തമാക്കുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്. മാര്‍ച്ചില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.4 ശതമാനവും ഇറക്കുമതിയില്‍ 6.5 ശതമാനവും കുറവുണ്ടായി. ഇന്ത്യയുടെ പ്രധാന ഗള്‍ഫ് പങ്കാളികളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നിവയുമായുള്ള വ്യാപാര കണക്കുകള്‍ കൂപ്പുകുത്തിയത് മൊത്തത്തിലുള്ള വ്യാപാര നിരക്കിനെ സാരമായി ബാധിച്ചു.

ഇന്ത്യയുടെ മികച്ച 20 വ്യാപാര പങ്കാളികളില്‍ ഉള്‍പ്പെടുന്ന യുഎഇയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കയറ്റുമതി മാര്‍ച്ചില്‍ യഥാക്രമം 61.9%, 45.7% എന്നിങ്ങനെ ഇടിഞ്ഞു. യുഎഇയിലേക്കുള്ള പ്രതിമാസ കയറ്റുമതി 330 കോടി ഡോളറില്‍ നിന്ന് 130 കോടി ഡോളറായി കുറഞ്ഞു. സൗദിയിലേക്കുള്ളത് 90 കോടി ഡോളറില്‍നിന്ന് 50 കോടി ബില്യണ്‍ ഡോളറായും ചുരുങ്ങി. യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പോയ മാസം 37.3 മുതല്‍ 66.3% വരെ കുറഞ്ഞു. യുദ്ധത്തിന് മുമ്പുള്ള ശരാശരി 1140 കോടി ഡോളറില്‍നിന്ന് ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി മാര്‍ച്ചില്‍ 620 കോടി ഡോളറായി താഴ്ന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാരം മുമ്പും കുറഞ്ഞിട്ടുണ്ടെങ്കിലും, ഇത്ര വലിയൊരു ഇടിവ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല.
ഫെബ്രുവരി 28ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത്. ഇത് പിന്നീട് ഒരു ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഇതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം സ്തംഭിച്ചു. കൂടാതെ, എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ വലിയ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായതും ഇന്ത്യയെ ബാധിച്ചു. വ്യാപാര മൂല്യത്തിലുണ്ടായ തകര്‍ച്ച ഇന്ത്യയുടെ വ്യാപാര പങ്കാളികളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചു.
കയറ്റുമതിയില്‍ ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനത്തായിരുന്ന യുഎഇ മാര്‍ച്ചില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ 20-ാം സ്ഥാനത്തേക്ക് വീണു. ഇറക്കുമതിയില്‍ യുഎഇ (രണ്ടില്‍നിന്ന് നാലിലേക്ക്), സൗദി അറേബ്യ (അഞ്ചില്‍നിന്ന് എട്ടിലേക്ക്), ഇറാഖ് (ഏഴില്‍നിന്ന് 16ലേക്ക്), ഖത്തര്‍ (18ല്‍നിന്ന് 20ലേക്ക്) എന്നിങ്ങനെ സ്ഥാനചലനങ്ങളുണ്ടായി.
കണക്കുകള്‍ പ്രകാരം, യു.എ.ഇയെയും സൗദി അറേബ്യയെയും ഒഴിവാക്കി കണക്കാക്കുകയാണെങ്കില്‍ കയറ്റുമതിയിലെ ഇടിവ് 1.5% മാത്രമായിരുന്നേനെ (യഥാര്‍ഥത്തില്‍ ഇത് 7.4% ആണ്). അതുപോലെ യു.എ.ഇ, സൗദി, ഇറാഖ്, ഖത്തര്‍ എന്നിവയെ ഒഴിവാക്കിയാല്‍ ഇറക്കുമതിയില്‍ 9.1% വളര്‍ച്ച ഉണ്ടായേനെ. ഈ കണക്ക്് ഇന്ത്യയുടെ വ്യാപാരത്തില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 14 ശതമാനവും ഇറക്കുമതിയുടെ 19.5 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ എണ്ണ, വാതക ഇറക്കുമതിയുടെ 40 ശതമാനവും ഈ രാജ്യങ്ങളെ ആശ്രയിച്ചാണ്. കൂടാതെ, ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിയെയും യുദ്ധം ബാധിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളും പശ്ചിമേഷ്യന്‍ യുദ്ധവും കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ 0.93% മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. സ്വര്‍ണ ഇറക്കുമതി കൂടിയതിനാല്‍ ഇറക്കുമതി നിരക്ക് 7.46% വര്‍ധിച്ചു. യുഎസ് ഏര്‍പ്പെടുത്തിയ 50% താരിഫ് അഞ്ച് മാസത്തോളം നേരിട്ടിട്ടും ഇന്ത്യയുടെ കയറ്റുമതി മേഖല പിടിച്ചുനിന്നത് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും വ്യാപാരത്തിനും വലിയ ഭീഷണിയായി തുടരുന്നു.
Content Highlights: The West Asia war has taken a toll on India’s trade. Exports declined 7.4% year-on-year in March, and imports fell 6.5%, per the commerce ministry data