27 വര്‍ഷം മിഠായി കഴിക്കുമ്പോലെ മരുന്നുകള്‍ കഴിച്ചു, ഒരു മനുഷ്യനും തിരിഞ്ഞുനോക്കാന്‍ ഉണ്ടായിരുന്നില്ല: ദേവി

'ഒന്നര മാസത്തെ ചികിത്സയിലാണ് അതൊക്കെ ഞാന്‍ മനസിലാക്കിയെടുത്തത്. കൃത്യമായി ചികിത്സ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ അന്നേ ശരിയാവുമായിരുന്നു'

27 വര്‍ഷം മിഠായി കഴിക്കുമ്പോലെ മരുന്നുകള്‍ കഴിച്ചു, ഒരു മനുഷ്യനും തിരിഞ്ഞുനോക്കാന്‍ ഉണ്ടായിരുന്നില്ല: ദേവി
dot image

ആക്ഷൻ ഹീറോ ബിജു, ഗപ്പി, ഗൗതമന്റെ രഥം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി അജിത്. നന്നേ ചെറുപ്പത്തില്‍ ഏഷ്യാനെറ്റിന്‍റെ ഷോ ആയ പാട്ടുപെട്ടിയിലൂടെ ആയിരുന്നു ദേവി അജിത്തിന്‍റെ തുടക്കം. പിന്നീട് മഴ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. താന്‍ 27 വര്‍ഷങ്ങള്‍ പിന്തുടര്‍ന്ന മോശം ശീലത്തെക്കുറിച്ചും അവസാനം ഉണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ചും മനസുതുറക്കുകയാണ് നടി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവി അജിത് ഇതിനെക്കുറിച്ച് മനസുതുറന്നത്‌.

'24 വയസ് മുതല്‍ ഞാന്‍ അറിയാതെ കഴിച്ചുപോയ കുറേ മരുന്നുകള്‍. മെഡിക്കേഷന്‍ പ്രോപ്പര്‍ ആയിരിക്കണം ഏത് ട്രീറ്റ്മെന്‍റിനും. ഞാന്‍ ശരിയായ ഒരു സൈക്യാട്രിക് ചികിത്സയല്ല എടുത്തിരുന്നത്. 27 വര്‍ഷം തെറ്റായ മരുന്നുകളാണ് ഞാന്‍ കഴിച്ചുകൊണ്ടിരുന്നത്. എന്നെ ചികിത്സിക്കണമെന്നത് ആരും കാര്യമായി എടുത്തിരുന്നില്ല. ബഹളവും ഹിസ്റ്റീരിയയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. എന്‍റെ കട ഉണ്ടായിരുന്നു, അഭിനയിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ആരും അത്ര കാര്യമായി എടുത്തില്ല, സീഷര്‍ അറ്റാക്ക് വന്നതിന് ശേഷം ഞാന്‍ വെല്ലുൂരില്‍ ചികിത്സയ്ക്ക് പോയി. ചുമ്മാ മിഠായി കഴിക്കുന്നതുപോലെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നെ ആല്‍ക്കഹോള്‍. എന്‍റെ പ്രധാന പ്രശ്നം അതായിരുന്നു. ഞാന്‍ കഴിച്ചിരുന്ന മരുന്നുകള്‍ ഒരു കിക്ക് ലഭിക്കുന്ന തരത്തിലുള്ളവയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ കിക്കിന്‍റെ പുറത്ത് മദ്യം കഴിക്കാന്‍ തോന്നുമായിരുന്നു. എന്‍റെ പ്രശ്നം അതായിരുന്നു. സങ്കടവും കരച്ചിലുമൊക്കെ ആയിരുന്നു. പക്ഷേ അതൊന്നും എനിക്ക് ഓര്‍മ്മയില്ല.

devi ajith

ഒന്നര മാസത്തെ ചികിത്സയിലാണ് അതൊക്കെ ഞാന്‍ മനസിലാക്കിയെടുത്തത്. കൃത്യമായി ചികിത്സ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ അന്നേ ശരിയാവുമായിരുന്നു. എന്തായാലും ഇപ്പോള്‍ ഞാന്‍ ശരിയായ ചികിത്സ എടുക്കുന്നുണ്ട്. മദ്യം നിര്‍ത്തേണ്ടിവന്നു. സീഷറും മദ്യവും തമ്മില്‍ ചേരില്ല. ഇത്രയേ ഉള്ളൂ ജീവിതമെന്ന് മനസിലായി. രണ്ട് പ്രാവശ്യം ബോധംകെട്ട് വീണപ്പോള്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല തിരിഞ്ഞുനോക്കാന്‍. ആര്‍ക്കും നമ്മളെ ആവശ്യമില്ല. അതാണ് യാഥാര്‍ഥ്യം. ആര്‍ക്കും സമയവുമില്ല നമ്മളെയൊന്നും നോക്കാനൊന്നും. നിങ്ങളുടെ ജീവിതം ജീവിക്കുക എന്നത് അവിടുന്ന് പഠിച്ച ഒരു പാഠമാണ്', ദേവി അജിത്തിന്റെ വാക്കുകൾ.

Content Highlights: Devi ajith talks about her health conditions and the medications she took for 27 years

dot image
To advertise here,contact us
dot image