

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയ കളക്ഷൻ ആണ് ശ്രദ്ധ നേടുന്നത്. ചിത്രം തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചിത്രം 20 കോടി രൂപ പിന്നിട്ടു.
മൂന്ന് ഭാഷകളിലായി ഇന്ത്യയിൽ ഇതുവരെ 7 ലക്ഷത്തിലധികം ടിക്കറ്റുകൾ സിനിമയുടേതായി വിറ്റഴിഞ്ഞു. ബോക്സ് ഓഫീസ് ട്രാക്കറായ 'സാക്‌നിൽക്കി'ന്റെ കണക്കുകൾ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയാൽ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്. തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ 7.90 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. കർണാടകയിൽ നിന്ന് 6.03 കോടി രൂപയും കേരളത്തിൽനിന്ന് 1.91 കോടി രൂപയും ചിത്രം നേടി.
ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
Content Highlights: Vijay's Jana Nayakan has crossed ₹20 crore in domestic advance bookings ahead of its release, with approximately 7 lakh tickets sold across India. The film has witnessed exceptional demand, particularly in Tamil Nadu, and is expected to register one of the biggest openings of the year, although its advance booking numbers are still below Vijay's previous blockbusters Leo and GOAT.