

രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ഐപിഒ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിക്കുമ്പോൾ, ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് കമ്പനിയിലെ ജീവനക്കാർ തന്നെയാണ്. വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ESOP (Employee Stock Ownership Plan) ഓഹരികൾ ഇപ്പോൾ കോടികളുടെ സമ്പത്തായി മാറിയിരിക്കുകയാണ്. ഐപിഒ ലിസ്റ്റിംഗിന് പിന്നാലെ കമ്പനിയിലെ 13 ജീവനക്കാരുടെ ഓഹരി മൂല്യം ഒരു കോടിയിലധികമായി.
എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ഐപിഒ വില ഓഹരിക്ക് 574 ആയിരുന്നു. ഈ വില അടിസ്ഥാനമാക്കിയുള്ള കണക്കിൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ദേവീന്ദർ പാൽ സിംഗ് ആണ് ഏറ്റവും വലിയ ഗുണഭോക്താവ്. അദ്ദേഹത്തിന്റെ കൈവശമുള്ള വെസ്റ്റഡ് ഓഹരികളുടെ മൂല്യം ഏകദേശം 121 കോടി ആയി ഉയർന്നു. കൂടാതെ ഭാവിയിൽ ഉപയോഗിക്കാവുന്ന അൺവെസ്റ്റഡ് ഓപ്ഷനുകൾ കൂടി കണക്കിലെടുത്താൽ സമ്പത്ത് ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്.
കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ശ്രീനിവാസൻ രാമ അയ്യർ ആണ് രണ്ടാമത്തെ വലിയ നേട്ടക്കാരൻ. അദ്ദേഹത്തിന്റെ വെസ്റ്റഡ് ഓഹരികളുടെ മൂല്യം ഏകദേശം 105 കോടി ആണ്. മറ്റ് മുതിർന്ന ഉദ്യോഗസ്ഥരായ സ്ട്രാറ്റജി, ടെക്നോളജി വിഭാഗം മേധാവി ശ്രീനിവാസ് ജെയിൻ (ഏകദേശം 59 കോടി), ഫിക്സഡ് ഇൻകം സിഐയോ രാജീവ് രാധാകൃഷ്ണൻ (ഏകദേശം 36 കോടി), ചീഫ് റിസ്ക് ഓഫീസർ അപർണ നിഗുർഡെ (ഏകദേശം 31 കോടി) എന്നിവർക്കും കോടികളുടെ നേട്ടമാണ് ലഭിച്ചത്.
എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ESOP പദ്ധതി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. കുറഞ്ഞ നിരക്കിൽ ലഭിച്ച ഓഹരി ഓപ്ഷനുകൾ കമ്പനിയുടെ വളർച്ചയ്ക്കൊപ്പം വലിയ സമ്പത്തായി മാറുകയായിരുന്നു. ഐപിഒ വിലയായ 574-മായി താരതമ്യം ചെയ്യുമ്പോൾ ചില ജീവനക്കാർക്ക് ലഭിച്ച നേട്ടം പല മടങ്ങാണ്.
അതേസമയം, എസ്ബിഐ ഫണ്ട്സ് ഓഹരികളുടെ വിപണി പ്രവേശനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐപിഒ വിലയേക്കാൾ ഏകദേശം 7 ശതമാനം പ്രീമിയത്തിൽ ഓഹരി ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ശക്തമായ വിപണി സ്ഥാനം, എസ്ബിഐ ബ്രാൻഡിന്റെ പിന്തുണ, വലിയ നിക്ഷേപക താൽപര്യം എന്നിവയാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഒരു ഐപിഒ നിക്ഷേപകർക്ക് മാത്രമല്ല, കമ്പനിയുടെ വളർച്ചയ്ക്ക് വർഷങ്ങളായി ഒപ്പം നിന്ന ജീവനക്കാർക്കും കോടികളുടെ സമ്പത്ത് സമ്മാനിച്ചിരിക്കുകയാണ് എസ്ബിഐ ഫണ്ട്സ്.
Content Highlights: SBI Funds IPO jackpot turns 13 employees into crorepatis; top ESOP haul hits Rs 121 crore