മോഹൻലാൽ അഭിനയിക്കുമ്പോൾ കട്ട് വിളിക്കാൻ തോന്നില്ല, മമ്മൂക്ക വളരെ ഷാർപ്പാണ്; മഹേഷ് നാരായണൻ

ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല,

മോഹൻലാൽ അഭിനയിക്കുമ്പോൾ കട്ട് വിളിക്കാൻ തോന്നില്ല,  മമ്മൂക്ക വളരെ ഷാർപ്പാണ്; മഹേഷ് നാരായണൻ
dot image

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരെയുംക്കുറിച്ച് മഹേഷ് നാരായണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ അഭിനയിക്കുമ്പോൾ കട്ട് വിളിക്കാൻ തോന്നാറില്ലെന്നും ഓരോ രംഗം കഴിയുമ്പോഴും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു. മമ്മൂട്ടി വളരെ ഷാർപ്പായിട്ടുള്ള നടൻ ആണെന്നും മഹേഷ് നാരായണൻ പറഞ്ഞു.

'ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല. ഡയറക്ടർ കട്ട് വിളിക്കുന്നത് കുറച്ച് വൈകിയാണ്. എന്നാൽ എഡിറ്റർ അതിന് മുമ്പേ കട്ട് ചെയ്യണമല്ലോ. ഓരോ സീൻ കഴിയുമ്പോഴും 'ഇത് കൊള്ളാമല്ലോ' എന്ന് തോന്നും. എന്നാൽ മമ്മൂക്ക വളരെ ഷാർപ്പാണ്. അദ്ദേഹത്തിന് അറിയാം സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന്. ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല,' മഹേഷ് നാരായൺ പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണൻ.

ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്. വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Director Mahesh Narayanan discusses the exceptional performances of Mohanlal and Mammootty.

dot image
To advertise here,contact us
dot image