സെൻസർ ബോർഡ് വിവാദം ഉപകാരമായോ? ജന നായകനെ തേടി എത്തിയത് വമ്പൻ ഓഫർ

സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു.

സെൻസർ ബോർഡ് വിവാദം ഉപകാരമായോ? ജന നായകനെ തേടി എത്തിയത് വമ്പൻ ഓഫർ
dot image

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ സെൻസർ അനുമതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ. എന്നാൽ ഇപ്പോഴിതാ സിനിമയെ തേടി വമ്പൻ ഓഫറാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളെ ഐമാക്‌സ് ഇന്ത്യ സമീപിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജനനായകൻ ഐമാക്‌സ് ഫോര്‍മാറ്റില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ഐമാക്‌സ് ഇന്ത്യ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ആദ്യം ഐമാക്‌സില്‍ പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും അവതാര്‍ ഫയര്‍ ആന്‍ഡ് ആഷിന്റെ റിലീസ് കാരണം സ്‌ക്രീനുകള്‍ കിട്ടാത്ത അവസ്ഥയായിരുന്നു. എന്നാല്‍ റിലീസ് മാറ്റിയതോടെ ഐമാക്‌സിന്റെ അധികൃതര്‍ ജന നായകനെ സമീപിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

വിജയ്‌യുടെ ഐമാക്‌സില്‍ റിലീസാകുന്ന ആദ്യ സിനിമയല്ല ഇത്. ലോകേഷ് കനകരാജ് ചിത്രം ലിയോ, വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നിവയാണ് മുമ്പ് ഐമാക്‌സില്‍ റിലീസ് ചെയ്ത വിജയ് സിനിമകൾ. ഇതില്‍ ലിയോ തമിഴിലെ ആദ്യത്തെ ഐമാക്‌സ് ചിത്രമായിരുന്നു. ഇതിൽ ലിയോ വമ്പൻ വിജയമാണ് നേടിയത്.

ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

റിലീസ് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights:  Even as Jana Nayak remains stuck in a censor controversy, IMAX India has reportedly made a major offer for the film.

dot image
To advertise here,contact us
dot image