രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടും: സ്പീക്കർ എ എൻ ഷംസീർ

ഒരു ജനപ്രതിനിധിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് ആദ്യമാണെന്ന് ഷംസീർ

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടും: സ്പീക്കർ എ എൻ ഷംസീർ
dot image

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ. രാഹുലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് ഷംസീർ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എ എൻ ഷംസീർ പറഞ്ഞു.

ഒരു ജനപ്രതിനിധിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് ആദ്യമാണ്. വിഷയം നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടും. അയോഗ്യത സംബന്ധിച്ചും മറ്റ് അനുബന്ധ വിഷയങ്ങളിലും നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. എംഎൽഎ എന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും ഷംസീർ വ്യക്തമാക്കി.

അതിനാടകീയമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ കെപിഎം റീജിയന്‍സിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് ശേഷം രാഹുലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയെ ക്രൂരമായ ലൈംഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്ന വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഇത്തരത്തില്‍ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് ഒളിവില്‍ താമസിച്ചിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'സാംസങ് ഫോള്‍ഡിംഗ്' ഫോണ്‍ പിടിച്ചെടുത്തതായും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ലൈംഗിക ശേഷി പരിശോധന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കാതിരിക്കാന്‍ 12 കാരണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റുകളും അതിജീവിതയുടെ നഗ്ന വീഡിയോകള്‍ പകര്‍ത്തിയ പ്രതിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണുകളും കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരേയും അവിവാഹിതകളായ യുവതികളേയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ദുരുപയോഗം ചെയ്തിട്ടുളളതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിജീവിത നല്‍കിയ മൊഴിയില്‍ ചൂരല്‍മലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ അടക്കം പരാമര്‍ശിക്കുന്നതാണ് അതിജീവിതയുടെ മൊഴി. ചൂരല്‍മലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നല്‍കിയെന്നാണ് എഫ്ഐആറില്‍ ഉള്ളത്.

Content Highlights: Speaker A.N. Shamseer said he would seek legal advice on the issue of Rahul’s disqualification, stating that all legal aspects would be carefully examined.

dot image
To advertise here,contact us
dot image