

ഒരിടത്ത് ഇരുന്നാലും നിങ്ങളുടെ ജോലിയെല്ലാം ചെയ്ത് തീർക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഒരിടത്ത് ഇരുന്ന്, ഫോൺ സ്‌ക്രോൾ ചെയ്ത്, മീറ്റിങ് അറ്റന്റ് ചെയ്ത് നമുക്ക് ജോലികൾ കൃത്യമായി ചെയ്യാം. പക്ഷേ നമ്മുടെ ശരീരത്തിന് പറയാൻ കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങളുടെ തലയ്ക്കുള്ളിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഒരിടത്ത് കുറേ നേരെ അനങ്ങാതെ ഇരിക്കുന്നത് നിങ്ങളുടെ നടുവിനെയോ ഇരിക്കുന്ന രീതിയോ മാത്രമല്ല ബാധിക്കുന്നത്. ഇത് നിശബ്ദമായി നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തേയും ബാധിക്കുന്നുണ്ട്. അനങ്ങാതെ ഒരിടത്ത് തന്നെ ഇരുന്നാൽ തലച്ചോറിന് എന്താണ് സംഭവിക്കുന്നത്?
കുറേ നേരെ ഒരിടത്ത് ഇരിക്കുന്നത് നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. എന്നുവച്ചാൽ ഓക്‌സിജന്റെയും ഗ്ലൂക്കോസിന്റെ സപ്ലൈ കുറയും. ഇവയെ ആശ്രയിച്ചാണ് തലച്ചോറ് പ്രവർത്തിക്കുന്നത്. ശരീരഭാരത്തിന്റെ വെറും രണ്ട് ശതമാനം മാത്രമുള്ള തലച്ചോറാണ് ശരീരത്തിലെ ഓക്‌സിജന്റെ ഇരുപത് ശതമാനവും ഉപയോഗിക്കുന്നത്. അതിനാൽ കുറേ നേരം ഒരിടത്ത് ഇരിക്കുന്നാൽ അത് ആദ്യം ബാധിക്കുന്ന അവയവം തലച്ചോറായിരിക്കും.
ജേർണൽ ഒഫ് അപ്ലൈയ്ഡ് ഫിസിയോളജിയിൽ വന്ന പഠനത്തിൽ പറയുന്നത്, ഇത്തരത്തിൽ അനങ്ങാതെ ഒരിടത്ത് ഇരിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം 15 ശതമാനത്തോളം കുറയ്ക്കുമെന്നാണ്. അതിനാൽ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് രക്തയോട്ടം ശരിയായ രീതിയിലാക്കാൻ സഹായിക്കും. അല്ലെങ്കിൽ ക്ഷീണവും ചിന്തക്കാനും ശ്രദ്ധിക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാം. നിങ്ങളിതിനെ മടിയായാകും വിചാരിക്കുക. എന്നാൽ ഇത് ശരീരം നൽകുന്ന സൂചനയാണ്.
കുറേ നേരം ഒരിടത്ത് ഇരിക്കുന്നത്.. തലച്ചോറിലെ ഓർമയുടെ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നു. ശരീരം പ്രവർത്തിക്കാതെ ഇരിക്കുന്നത് ബ്രയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക്ക് ഫാക്ടർ എന്ന പ്രോട്ടീന്‍റെ അളവ് കുറയ്ക്കും. ഇതാണ് ഓർമയ്ക്കും പഠനത്തിനുമൊക്കെ ആവശ്യമായ പ്രോട്ടീൻ. കുറേ നേരം ഒരിടത്ത് ഇരുന്നാൽ അതും എട്ടു മണിക്കൂറിൽ കൂടുതൽ ഇങ്ങനെ തുടർന്നാൽ ഉത്കണ്ഠയും മടിപോലെയുള്ള അവസ്ഥയും ഉണ്ടാകും. ഓരോ അരമണിക്കൂറിലും ഒരു മണിക്കൂറിലും ചെറിയ ചലനം ഉണ്ടാകുന്നത് മനുഷ്യന്റെ ശ്രദ്ധയെയും ഓർമയെയും മികച്ചതാക്കും. അത് രണ്ട് മിനിറ്റ് നടത്തമായാൽ പോലും. ഒരിടത്ത് ഇരിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ പെട്ടെന്ന് ബാധിച്ചെന്ന് വരില്ല. പതിയെയാണ് ഈ ശീലം തലച്ചോറിനെ സ്വാധീനിക്കുക.
Content highlights: Effects on your brain when you sit too long