

വ്യത്യസ്തമായ ഉത്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന പല തരം വിഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട്. എന്നാല്‍ ചില വിഭവങ്ങളുടെ വില കേട്ടാല്‍ അത് നമ്മുടെ കൈയില്‍ ഒതുങ്ങുന്നതാവില്ല. വിലകൂടിയ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന അധികം ലഭ്യമല്ലാത്ത ചില ആഹാരസാധനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വില കൂടിയ ചില ഭക്ഷണ സാധനങ്ങളെ കുറിച്ചറിയാം.
ആദ്യത്തേത് കുങ്കുമപ്പൂവാണ്. ആയുര്‍വേദം മുതല്‍ പേര്‍ഷ്യന്‍ മരുന്നുകളില്‍ വരെ സ്ഥിരം സാന്നിധ്യമാണ്. മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിന് മികച്ചതാണെന്ന് കണക്കാക്കുന്ന കുങ്കുമപ്പൂവ് സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ അത്യുത്തമമാണത്രേ. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന, ശരീര കോശങ്ങളെ സംരക്ഷിക്കുന്ന വൈകാരികമായി സംതുലിതാസ്ഥയെ സ്വാധീനിക്കുന്ന കുങ്കുമപ്പൂവ് ചര്‍മത്തിന്റെ നിറത്തിനും തിളക്കത്തിനും നല്ലതാണെന്ന് കരുതപ്പെടുന്നു.
വൈറ്റ് ട്രഫിള്‍ എന്ന കൂണാണ് രണ്ടാമത്തേത്. അപൂര്‍വമായി കാണപ്പെടുന്ന ഈ കൂണ്‍ ഇറ്റലിയിലാണ് കാണപ്പെടുന്നത്. ഒരു പൗണ്ടിന് നാലായിരം ഡോളറാണ് വില. ബ്ലാക്ക് ട്രഫിള്‍സിനെ പോലെ ഇവ കൃഷി ചെയ്യാന്‍ കഴിയില്ല. ഓക്ക്, ഹേസല്‍നട്ട് എന്നിവയ്ക്ക് കീഴിലായാണ് ഈ കൂണുകള്‍ വളരുക. ഇതിന്‍റെ ലഭ്യത കുറവാണ് വില കൂടാന്‍ കാരണം.
അല്‍മാസ് കാവിയറാണ് ലിസ്റ്റില്‍ മൂന്നാമത് ഇടംപിടിച്ചിരിക്കുന്നത്. ഇറാനിലെ ആല്‍ബിനോ സ്റ്റര്‍ജിയോന്‍സില്‍ നിന്നുള്ള ഗോള്‍ഡന്‍ കാവിയറാണ് ഇത്. അതായത് ഒരുതരം മത്സ്യത്തിന്റെ മുട്ട. ഇവയുടെ നിറം തന്നെ മങ്ങിയ മഞ്ഞയാണ്. കൊഴുപ്പ് നിറഞ്ഞപോലെയാണ് കാണപ്പെടുന്നത് ഒപ്പം നല്ലരുചിയും. വോഡ്കയ്ക്കും ഷാംപെയ്‌നുമൊപ്പം വിളമ്പുന്ന മികച്ച കോമ്പിനേഷനാണിത്.

ബ്ലൂഫിന്‍ ടൂണയാണ് വിലപിടിപ്പുള്ള മറ്റൊരു ഭക്ഷ്യവസ്തു. പ്രോട്ടീന്‍, ഒമേഗ -3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി12, സെലീനിയം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഹൃദയം, തലച്ചോറ് എന്നിവയ്ക്ക് ഇത് നല്ലതാണ്. പ്രതിരോധ ശക്തിയും വര്‍ധിപ്പിക്കും. ലോകത്തെ തന്നെ ഏറ്റവും വിലകൂടിയ മീനുകളിലൊന്നാണിത്.
മത്സുതാക്കേ മഷ്‌റൂമാണ് മറ്റൊന്ന്. ജാപ്പനീസ് പാചകത്തിലെ പ്രധാനിയാണ്. പൈന്‍ മഷ്‌റൂം എന്നും ഇവ അറിയപ്പെടുന്നുണ്ട്. ഇവയുടെ സുഗന്ധം, സാംസ്‌കാരികമായ പ്രാധാന്യവും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ജപ്പാന്‍, കൊറിയ, ഭൂട്ടാന്‍, ചൈനയിലെയും വടക്കന്‍ അമേരിക്കയിലെയും ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ പൈന്‍ മരങ്ങളുടെ താഴെയായാണ് ഇവ വളരുന്നത്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ അഭാവവും ഇവ കൃഷി ചെയ്യാന്‍ കഴിയാത്തതുമാണ് ഇവയെ വിലപിടിപ്പുള്ളതാക്കുന്നത്.
Content Highlights: the list of most expensive food in the world