

കാൻബറ: വിദ്യാർത്ഥി വിസ വിഭാഗത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തലവേദന ഉണ്ടാക്കിയേക്കാവുന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. ഇന്ത്യയെ 'ഏറ്റവും അപകടസാധ്യതയുള്ള വിഭാഗത്തി'ലേക്ക് ഓസ്‌ട്രേലിയൻ സർക്കാർ മാറ്റി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 'എവിഡന്റ് ലെവൽ 2'ൽ നിന്ന് എവിഡന്റ് ലെവൽ 3ലേക്കാണ് ഇന്ത്യയെ മാറ്റിയത്. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം.
ഓസ്‌ട്രേലിയയിൽ വിദ്യാഭ്യാസം ലഭിക്കാൻ സത്യസന്ധമായി പരിശ്രമിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഈ മാറ്റം എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വ്യാജ സാമ്പത്തിക, അക്കാദമിക് രേഖകൾ സമർപ്പിക്കുന്നതായാണ് അധികൃതർ പറയുന്നത്. യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളാണ് ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ളവർ കൂടുതലായും തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഈ രാജ്യങ്ങൾ നിയമങ്ങൾ കടുപ്പിച്ചതോടെ ഓസ്‌ട്രേലിയയിലേക്കാണ് ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ ഇപ്പോൾ എത്തുന്നത്. ഇതോടെയാണ് ഓസ്‌ട്രേലിയയും വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
2026 ജനുവരി 8 മുതൽക്കാണ് ഈ മാറ്റം നിലവിൽ വന്നത്. ഇനിമുതൽ വിദ്യാർത്ഥി വിസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പതിവിലധികം സമയം കാത്തിരിക്കേണ്ടിവരും എന്നതാണ് ഈ മാറ്റം മൂലമുണ്ടാകുന്ന പ്രശ്നം. ഓരോ രേഖകളും സമയമെടുത്ത്, കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ അധികൃതർ വിസ പ്രൊസസിങ് നടപടികളിലേക്ക് കടക്കുകയുള്ളൂ.
നേരിട്ടുള്ള പരിശോധനകൾ, ബാങ്കിലേക്ക് നേരിട്ട് വിളിച്ചുള്ള പരിധോധനകൾ തുടങ്ങി വലിയ കടമ്പകളാണ് ഇന്ത്യൻ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ചിലപ്പോൾ കൂടുതൽ രേഖകൾ ആവശ്യപ്പെടുകയോ മറ്റോ ചെയ്തേക്കാം. പ്രൊസസിങ് സമയം മൂന്ന് മുതൽ എട്ട് ആഴ്ച വരെ നീണ്ടേക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: Indian students planning to study in Australia may face longer waiting periods due to delays in student visa processing.