

മലയാളി സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് അർജുൻ അശോകൻ ചിത്രമായ ചത്താ പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ കാമിയോയും സിനിമയിൽ ഉണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് അർജുൻ അശോകൻ. രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്നെ സംബന്ധിച്ച് ചത്താ പച്ച വലിയ ഒരു പരിപാടിയാണ്, സുമതിവളവിന്റെ ഷൂട്ടിനിടയില്‍ തന്നെ ചിത്രത്തിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ജൂണിലാണ് ചത്താ പച്ചയുടെ ഷൂട്ടിങ്ങ് തുടങ്ങിയത്, കാരവാനില്‍ നിന്ന് ഐശ്വര്യമായി ഷൂട്ടിന് ഇറങ്ങിയതാണ്, ആദ്യം തന്നെ പറഞ്ഞത് സര്‍ ഹാര്‍നെസ്സ് പോടുങ്കോ എന്നാണ്.

ഫസ്റ്റ് ഷോട്ട് മുതല്‍ തൂക്കിയിട്ടതാണ് എന്നെ. അന്നെനിക്ക് മനസ്സിലായി ഇത് തീരുന്നതുവരെ ഹാര്‍നെസ്സില്‍ തൂങ്ങി ആകാശത്തായിരിക്കും എന്ന്, സിനിമയില്‍ എല്ലാവര്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് ഒടിവും ചതവും നീരും ഉണ്ടായിരുന്നു. ഒരു സീന്‍ കഴിഞ്ഞ് എന്റെ കൈ നോക്കിയപ്പോള്‍ ‘എസ്’ പോലെയുണ്ടായിരുന്നു. ആദ്യം വിചാരിച്ചത് എന്റെ കണ്ണിന്റെ പ്രശ്‌നമാണെന്നാണ്. പിന്നെയാണ് നീരാണെന്ന് മനസ്സിലായത്,’ അര്‍ജുന്‍ പറയുന്നു.
ജനുവരി 22 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് വേഫറർ ഫിലിംസ് ആണ്.