

കൊച്ചി: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിലായതിന് പിന്നാലെ കോൺഗ്രസിൽ ക്രൈം സിൻഡിക്കേറ്റ് ഉണ്ടെന്ന ആരോപണവുമായി എ എ റഹീം എംപി. പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ പരസ്പരം പകർത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നത് എന്ന് റഹീം ആരോപിച്ചു. എതിർക്കുന്നവർ ആരായാലും ‘തീർത്തു കളയാൻ’ ഇവർ ഒരുമിച്ച് ഇറങ്ങും. ഹു കെയേഴ്സ് എന്നതാണ് ഇവരുടെ കോമൺ ടാഗ്‌ലൈൻ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പോലും ഇവരെ പേടിയാണെന്നും എ എ റഹീം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റഹീമിൻ്റെ പ്രതികരണം.
കോൺഗ്രസിനുള്ളിൽ വളരെ ശക്തരായ മറ്റു ചില നേതാക്കൾ ഉണ്ടെന്നും റഹീം ആരോപിച്ചു. അവരെ നയിക്കുന്ന വികാരം മറ്റൊരു തരം പേടിയാണ്. അവരുടെ കള്ളപ്പണം മുതൽ, സകല കൊള്ളരുതായ്മകളും ക്രൈം സിൻഡിക്കേറ്റിന് അറിയാം. അതൊക്കെ എടുത്ത് പുറത്തിട്ട് അലക്കും എന്ന ഭയമാണ് അവർക്ക്. അപ്പോൾ ‘ഈ പൊളിറ്റിക്കൽ സെലിബ്രിറ്റികളെ കൂടെ കൂട്ടുന്നതാണ് നല്ലത്’ എന്നവർക്കും തോന്നി. ചുരുക്കത്തിൽ ഈ ‘who cares ടീം’ആണ് കേരളത്തിലെ കോൺഗ്രസ് തീരുമാനങ്ങളെ കുറേ നാളായി നിയന്ത്രിക്കുന്നത്. ഇവർക്ക് അധികാരവും, പ്രശസ്തിയും ഇര പിടുത്തത്തിനും കള്ളപണത്തിനും വേണ്ടിയുള്ള മറ മാത്രമാണെന്നും റഹീം ആരോപിച്ചു.
കോൺഗ്രസിലെ ക്രൈം സിൻഡിക്കേറ്റ്. അഥവാ പൊളിറ്റിക്കൽ സെലിബ്രിറ്റികൾ. പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളും പരസ്പരം പകർത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നത്. “അവൻ ചെയ്യുന്നത് കണ്ടില്ലേ,അതിനൊന്നും ഒരു കുഴപ്പവുമില്ല,അതൊക്കെ അവരവരുടെ മിടുക്ക് ആണ്, കൂടെയുള്ളൊരാൾ കള്ളപ്പണം ഉണ്ടാക്കുന്നുണ്ടല്ലോ,അപ്പോൾ എനിക്കുമാകാം, കൂടെയുള്ളവൻ ഇര പിടിക്കുന്നുണ്ടല്ലോ? അതൊക്കെ നോർമൽ അല്ലേ… ”
നോക്കൂ ,മൂന്നാമത്തെ കേസിൽ ഒരു പുതിയ രീതി കൂടി അയാൾ നടപ്പിലാക്കുന്നുണ്ട്. ഇരപിടി മാത്രമല്ല,ഇരയിൽ നിന്നും പണാപഹരണവും ഉണ്ട്. ഈ പ്രത്യേക തരം ഇരപിടിയൻ രീതി ക്രൈം സിൻഡിക്കേറ്റിലെ വേറൊരാളിൽ നിന്ന് പകർത്തിയതാണെങ്കിലോ? ‘Wait and see’.കൂട്ട് കച്ചവടം നടത്തും, പരസ്പരം ലക്ഷങ്ങൾ സഹായിക്കും, പൊളിറ്റിക്സിലെ സെലിബ്രിറ്റിയാകാനുള്ള മാർക്കറ്റിങ് സ്ട്രാറ്റജികൾ പരസ്പരം പറഞ്ഞു നൽകും. ഒന്നും ഒറ്റയ്ക്കല്ല, എല്ലാം ഒരുമിച്ചാണ്.
കൂട്ടത്തിൽ ഒരു ഇര പിടിയൻ ‘പെട്ടു പോയാൽ’ചങ്കുകൊടുത്തു കൂടെ നിൽക്കും. ബിസിനസ് സുഹൃത്തുക്കളിൽ നിന്നു കോടികൾ സ്വരൂപിച്ച് ‘ഇരു ചെവി അറിയാതെ’സെറ്റിൽ ചെയ്യും. എല്ലാം കോടികളുടെ കളിയാണ് എന്നേയുള്ളൂ. ഇതിലൊന്നും വീഴാത്ത ഏതെങ്കിലും പെണ്ണ് പിന്നെയും നീതിതേടി ഇറങ്ങിയാൽ, ഒരു പൊലീസിനും കൊടുക്കാതെ കൂടെയുള്ള ക്രിമിനലിനെ കാത്ത് സൂക്ഷിക്കും. പ്രൊമോഷൻതന്ത്രങ്ങൾ, മുതൽ ‘വലയിൽ വീണ ഇരയേ’കുറിച്ചുവരെ പരസ്പരം മനസ് തുറക്കും ഈ ചങ്കുകൾ.
എതിർക്കുന്നത്, സ്വന്തം പാർട്ടിയിൽ ഉള്ളവനായാലും,എതിർ പാർട്ടിയിൽ ഉള്ളവർ ആയാലും ‘തീർത്തു കളയാൻ’ഒരുമിച്ച് ഇറങ്ങും. സോഷ്യൽ മീഡിയ സന്നാഹങ്ങളെ ഒരുമിച്ചു നിന്ന് ഉപയോഗിക്കും, ഒന്നിലും ഒരു എത്തിക്സും ഉണ്ടാകില്ല. സംഘടനയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് ആയാലും, പൊതു തെരഞ്ഞെടുപ്പ് ആയാലും ഒരു ധാർമികതയുമില്ലാതെ ഇവർ കരുക്കൾ നീക്കും.
‘who cares’ എന്നത് ഇവരുടെ കോമൺ ടാഗ് ലൈൻ ആണ്. കയ്യിലുള്ള കള്ളപണവും, ഒന്ന് രണ്ട് കോളിൽ മൊബിലൈസ് ചെയ്യാമെന്ന് ഉറപ്പുള്ള കോടികളും, പവറും, പണം കൊടുത്ത് മാനേജ് ചെയ്യുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളും കൊണ്ട് എന്തിനെയും മാനിപ്പുലേറ്റ് ചെയ്യാമെന്ന അഹങ്കാരമാണ് ഈ സംഘത്തെ നയിക്കുന്നത്.
കോൺഗ്രസിൻ്റെ മുൻനിര നേതാക്കൾക്ക് പോലും ഈ സംഘത്തോട് ഏറ്റുമുട്ടാൻ പേടിയാണ്. ‘എതിർത്താൽ, സോഷ്യൽ മീഡിയ ഉപയോഗിച്ച് തങ്ങളെ തീർത്തു കളയും’എന്ന് കരുതുന്നവരാണ് ശ്രീ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ഒരു കൂട്ടം നേതാക്കൾ. ‘ഇവരെ പിണക്കാതെ പോകുന്നതാണ് നല്ലത്’എന്ന് ഈ വിഭാഗം ചിന്തിക്കുന്നു.
കോൺഗ്രസ്സിനുള്ളിൽ വളരെ ശക്തരായ മറ്റു ചില നേതാക്കൾ ഉണ്ട്! അവരെ നയിക്കുന്ന വികാരം മറ്റൊരു തരം പേടിയാണ്. അവരുടെ കള്ളപ്പണം മുതൽ,സകല കൊള്ളരുതായ്മകളും ക്രൈം സിൻഡിക്കേറ്റിന് അറിയാം. അതൊക്കെ എടുത്ത് പുറത്തിട്ട് അലക്കും എന്ന ഭയമാണ് അവർക്ക്. അപ്പോൾ ‘ഈ പൊളിറ്റിക്കൽ സെലിബ്രിറ്റികളെ കൂടെ കൂട്ടുന്നതാണ് നല്ലത്’ എന്നവർക്കും തോന്നി. ചുരുക്കത്തിൽ ഈ ‘who cares ടീം’ആണ് കേരളത്തിലെ കോൺഗ്രസ്സ് തീരുമാനങ്ങളെ കുറേ നാളായി നിയന്ത്രിക്കുന്നത്. ഇവർക്ക് അധികാരവും,പ്രശസ്തിയുംഇര പിടുത്തത്തിനും കള്ളപണത്തിനും വേണ്ടിയുള്ള മറ മാത്രമാണ്.
യൂത്ത് കോൺഗ്രസ്സ് ഓഫീസ് പണിയാൻ പിരിച്ചത് മുതൽ,വയനാട് ദുരന്തത്തിലെ പാവപ്പെട്ടവർക്കായി പിരിച്ചത് വരെ സകലതും കൊള്ളയടിക്കാൻ ഒരു മനസാക്ഷിക്കുത്തും ഇവർക്കില്ല. ദുരന്തങ്ങളിൽപെട്ട മനുഷ്യരോട് പോലും കരുണയോ,ആത്മാർത്ഥതയോ ഇവർക്ക് ഇല്ല. രാഷ്ട്രീയ ധാർമികത തീരെ ഇല്ലാത്ത ഈ ടീം നമ്മുടെ നാടിന് ചേർന്നതല്ല. ഇവർ കേരളത്തിന്റെ നന്മകളെ തകർക്കും. ഒരു കാര്യം ഉറപ്പ്, ഇവർ പൂർണമായും എക്സ്പോസ് ചെയ്യപ്പെടും. കാരണം കോൺഗ്രസ്സിനെ മാനിപുലേറ്റ് ചെയ്യുന്നത് പോലെ മലയാളികളെ വിഡ്ഢികൾ ആക്കാൻ പറ്റില്ല. മലയാളികൾ, പൊരി വെയിലത്ത് നിർത്തി ഇവരോടും, ഇവരുടെ പൊളിറ്റിക്കൽ ഹൈക്കമാൻഡിനോടും കണക്കു ചോദിക്കുന്ന കാലം വിദൂരമല്ല.
മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. ഇന്ന് സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ ഇവയെയെല്ലാം നിഷേധിക്കുന്നുണ്ട്.
റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകൾ ഉണ്ടാകില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്. ഇന്ന് രാഹുൽ നിലത്ത് പായ വിരിച്ചാകും കിടക്കുക. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം. സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്പെഷ്യൽ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്‍കുക. നാളെ രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോൾ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
Content Highlights: Raheem has strongly criticised the Congress, alleging that the party is being controlled by the “Who Cares team” and claiming that leader Sunny Joseph fears a crime syndicate.