

നല്ലൊരു ഊണൊക്കെ കഴിച്ച ശേഷം ഒന്നു മയങ്ങാമെന്ന ആ ചിന്ത ഉണ്ടല്ലോ? കണ്ണുകളങ്ങനെ അടഞ്ഞുവരും തലച്ചോറും മന്ദഗതിയിലാവും. ഊണ് കഴിച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന ഈ ഉറക്കക്ഷീണം യഥാർത്ഥത്തിൽ തലയ്ക്കുള്ളിലുണ്ടാവുന്ന മന്ദതയല്ല. മറിച്ച് ഭക്ഷണം കഴിച്ച ശേഷം ശരീരത്തിലുണ്ടാവുന്ന മാറ്റമാണ്. നിങ്ങളുടെ ശരീരത്തിൽ ഉച്ചഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന ഒരു മടുപ്പ്, നിങ്ങളുടെ സ്വഭാവ സവിശേഷതയായി കരുതേണ്ട. ഇത് ആഹാരം കഴിച്ചതിന് ശേഷമുണ്ടാകുന്ന മെറ്റബോളിക്ക് ഇഫക്ടും രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ്.
കാർബോഹൈഡ്രേറ്റ്‌സും കൊഴുപ്പും നിറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ദഹനസംബന്ധമായ പ്രക്രിയയിലായിരിക്കും ശരീരത്തിന്റെ ശ്രദ്ധ. ഈ സമയം ഗാസ്‌ട്രോഇന്റസ്റ്റീനൽ ട്രാക്ടിലേക്കാകും രക്തയോട്ടം നടക്കുക. ഇത് ദഹനത്തിനും ഭക്ഷണത്തിലെ പോഷണം ആഗീരണം ചെയ്യുന്നതിനും വേണ്ടിയാണ്. പലതരം ഭക്ഷണങ്ങൾ അടങ്ങിയ ഊണാണെങ്കിൽ രക്തയോട്ടം കൂടും മാത്രമല്ല ഓക്‌സിജനും കൂടുതലായി ആവശ്യമായി വരും.
ഹൃദയസംബന്ധമായ പ്രവർത്തനങ്ങൾ കൃത്യമായി തന്നെ നടക്കുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന രക്തത്തിൽ വലിയൊരു ഭാഗം ദഹന സംബന്ധമായ പ്രവർത്തനങ്ങൾക്കായി കുടലിലേക്കാകും എത്തുക. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. തലച്ചോറിലേക്കുള്ള ഓക്‌സിജൻ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയുകയും ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഹോർമോണുകളും കൂടിയാകുമ്പോള്‍ ഉറക്കക്ഷീണം ഉണ്ടാക്കും. ഒപ്പം ചിന്താശേഷിയെയും ഇത് മന്ദഗതിയിലാക്കും.
കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഇതോടെ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടും. രക്തചംക്രമണത്തിൽ ഗ്ലൂക്കോസ് നീക്കം ചെയ്യപ്പെടുന്നതോടെ ചിലരിൽ തലച്ചോറിന്റെ പ്രവർത്തനത്തെ ഇത് സ്വാധീനിക്കും. പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റ്‌സും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നടക്കുന്നതു പോലെയുള്ള ചെറിയ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതും ക്ഷീണവും ഉറക്കവും വരാതെ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Feeling sleepy after a heavy lunch is not laziness. Experts explain how digestion, blood sugar changes, and hormones trigger post-meal drowsiness.