

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിജയ്‌യുടെ ജനനായകന്റെ റിലീസ് മാറ്റിയിരുന്നു. ശിവകാർത്തികേയൻ ചിത്രം പരാശക്തിയ്ക്കും നിലവിൽ സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമയ്ക്ക് ഇത് കഷ്ടകാലമാണെന്നും പരസ്പരമുള്ള ആരാധകപ്പോരും രാഷ്ട്രീയവും സിനിമ മേഖലയെ തകർക്കുകയാണെന്നും കാർത്തിക് സുബ്ബരാജ് കുറിക്കുന്നു. ‘സെല്ലിയാർഗൾ’ പോലെ ഒരു ചെറിയ ബജറ്റ് ചിത്രത്തിന് തിയേറ്റർ ലഭിക്കുന്നില്ലെന്നും റിലീസ് തീയതി ആയിട്ടും വിജയ്‌യുടെയും ശിവകാർത്തികേയന്റെയും സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നും കാർത്തിക് സുബ്ബരാജ് കുറിച്ചു.
കാർത്തിക് സുബ്ബരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം:
‘സല്ലിയാർഗൾ’ പോലുള്ള ഒരു ചെറിയ ബജറ്റ് സിനിമയ്ക്ക് തിയേറ്ററുകളില്ല. സെൻസർ വൈകുന്നത് കാരണം നാളെ റിലീസ് ചെയ്യാനിരുന്ന വിജയ് സാറിനെപ്പോലുള്ള ഒരു വലിയ താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയുടെ റിലീസ് മാറ്റി വെയ്ക്കേണ്ടി വരുന്നു. മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പരാശക്തി’ക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്നങ്ങൾ കാരണം പല സെന്ററുകളിലെയും ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല.
സിനിമയ്ക്ക് ഇത് കഷ്ടകാലം!!
ഇൻഡി, ലോ-ബജറ്റ് സിനിമകളോട് തിയേറ്ററുകൾ കൂടുതൽ പിന്തുണ കാണിക്കേണ്ടതുണ്ട്. കാരണം, വലിയ സാറ്റലൈറ്റ്, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കൊന്നും ഇത്തരം സിനിമകൾ വാങ്ങാൻ വലിയ താൽപര്യമില്ല. അതിനാൽ, ചെറിയ ബജറ്റിലുള്ള സിനിമകളുടെ വരുമാനത്തിനുള്ള ഏക ആശ്രയം തിയേറ്ററുകൾ മാത്രമാണ്. ചെറിയ ബജറ്റ് സിനിമകൾക്ക് തിയേറ്ററുകൾ നൽകാതിരിക്കുന്നത് അക്ഷരാർത്ഥത്തിൽ സിനിമയെ കൊല്ലുന്നതിന് തുല്യമാണ്!.
വലിയ ബജറ്റ് സിനിമകളുടെ കാര്യമെടുത്താൽ, ഇന്ത്യൻ, ഓവർസീസ് സെൻസറുകൾക്കുള്ള കർശനമായ സമയപരിധി നിയമങ്ങൾ പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ഫിലിംമേക്കേഴ്‌സിന്റെ ക്രിയേറ്റീവ് സ്പേസിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു, പ്രത്യേകിച്ചും റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിച്ച ഒരു ബിഗ് ബജറ്റ് സിനിമയുടെ കാര്യത്തിൽ. ഇന്ത്യൻ, ഓവർസീസ് സെൻസറുകളുടെ നിലവിലെ സമയക്രമം അനുസരിച്ച്, ഒരു സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ സമയം റിലീസിന് 3 മാസം മുൻപാണ്.
എന്നാൽ പല കാരണങ്ങൾകൊണ്ടും ഇത് തികച്ചും അസാധ്യമാണ്. ഈ വിഷയങ്ങൾ കാര്യക്ഷമമാക്കുകയും ഫിലിം മേക്കേഴ്‌സിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കുകയും വേണം. സെൻസർ ബോർഡ്, നിർമാതാക്കൾ, താരങ്ങൾ എന്നിവരുടെയെല്ലാം ഭാഗത്തുനിന്ന് ഇതിനൊരു മാറ്റം വരണം. അല്ലെങ്കിൽ, ഉത്സവ സീസണുകളിലെ വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇൻഡസ്ട്രിയെത്തന്നെ തകർക്കും !!
Some Thoughts just as a Lover of CINEMA!!
— karthik subbaraj (@karthiksubbaraj) January 8, 2026
No theatres for an Low budget Indie film #Salliyargal
Censor delay causing postponement of a Big budget Big Star like Vijay Sir's film #JanaNayagan slated to release tomorrow...
Bookings are yet to open in many centres due to issue of… pic.twitter.com/9ixK3u2qRa
സിനിമാ മേഖലയിലുള്ള നമ്മളെല്ലാവരും ആരാധകപ്പോരുകൾ, രാഷ്ട്രീയ താൽപര്യങ്ങൾ, വ്യക്തിപരമായ അജണ്ടകൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവയെല്ലാം മാറ്റിവെച്ച്, ഈ കലയെ രക്ഷിക്കാൻ, സിനിമയെ രക്ഷിക്കാൻ ശുഭകരമായ എന്തെങ്കിലും ചെയ്യാനായി ദയവായി ഒന്നിക്കണം.
Content Highlights: Karthik subbaraj about jananayagan and parasakthi release issues