വിജയ്ക്ക് കിട്ടിയില്ല, ഇനി ശിവകാർത്തികേയനും കിട്ടില്ലേ? പരാശക്തിക്ക് ടിക്കറ്റ് എടുത്തവരും ആശങ്കയില്‍

റിലീസിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ ഇനിയും സെൻസർ സർട്ടിഫിക്കറ്റ് അണിയറപ്രവർത്തകർക്ക് ലഭിച്ചിട്ടില്ല

വിജയ്ക്ക് കിട്ടിയില്ല, ഇനി ശിവകാർത്തികേയനും കിട്ടില്ലേ? പരാശക്തിക്ക് ടിക്കറ്റ് എടുത്തവരും ആശങ്കയില്‍
dot image

ദളപതി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു ജനനായകൻ. വലിയ പ്രതീക്ഷയിൽ ഒരുങ്ങിയ സിനിമ ജനുവരി 9 ണ് പൊങ്കൽ റിലീസായി തിയേറ്ററിൽ എത്താൻ ഒരുങ്ങിയിരുന്നു. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട സെൻസർ പ്രശ്നങ്ങൾ കാരണം ഇപ്പോഴിതാ റിലീസ് നീട്ടിയിരിക്കുകയാണ്. ജനനായകന് ഒപ്പം റിലീസ് പ്രഖ്യാപിച്ച സിനിമയാണ് ശിവകാർത്തികേയന്റെ പരാശക്തി. ഇപ്പോഴിതാ ഈ സിനിമയ്ക്കും സെൻസർ സർട്ടിഫിക്കറ്റ് വില്ലനായി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സെൻസർ ബോർഡർ പരാശക്തി ദിവസങ്ങൾക്ക് മുൻപ് കാണുകയും ചില മാറ്റങ്ങൾ നിർദേശിച്ച് സിനിമയെ റിവൈസിംഗ് കമ്മറ്റിക്ക് അയക്കുകയും ചെയ്തിരുന്നു. ബോർഡ് അംഗങ്ങൾ ചിത്രം കണ്ട് സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ ഇനിയും സെൻസർ സർട്ടിഫിക്കറ്റ് അണിയറപ്രവർത്തകർക്ക് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകുകയാണെങ്കിൽ പരാശക്തിയുടെ റിലീസും മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സിനിമയ്ക്ക് ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ജനുവരി 10 ന് തന്നെ പരാശക്തി പുറത്തിറങ്ങുമെന്നും ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിജയ് ചിത്രം ജനനായകന് 27 കട്ടുകൾ ആണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ഇപ്പോൾ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാക്കിയത്. സിനിമയുടെ റിലീസ് മാറ്റിവെച്ചെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. സിനിമയുടെ റിലീസ് നീട്ടിയതിൽ വിഷമം ഉണ്ടെന്നും പുതുക്കിയ തീയതി അറിയിക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.

അതേസമയം, സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Like vijay film jananayagan sivakarthikeyan starrer parasakthi too gets censor issues

dot image
To advertise here,contact us
dot image