

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പാലക്കാട് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്ന് ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം. മറ്റ് നേതാക്കളെയോ, സെലിബ്രിറ്റികളെയോ പരിഗണിക്കരുതെന്നും പാലക്കാട്ടെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നേതാക്കളുടെ ആവശ്യം.
മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പാലക്കാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ രംഗത്തെത്തി. പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് വിജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ജനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കാനുള്ള തീരുമാനമെന്നും ആര്‍എസ്എസിന്റെയും ബിജെപി പ്രവര്‍ത്തകരുടെയും പിന്തുണ തനിക്കുണ്ടെന്നും പ്രമീള റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. എന്നാല്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി ബിജെപി ഒരു സർവേ നടത്തിയിരുന്നു. ഈ സർവേയിൽ ഉണ്ണി മുകുന്ദനും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കുമെല്ലാം മുൻഗണന ലഭിക്കുകയായിരുന്നു. ഇവർ മൂന്നുപേരെയും സ്ഥാനാർത്ഥികളായി നിർത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യും എന്നാണ് പ്രവർത്തകർ വിലയിരുത്തുന്നത്.
Content Highlights: palakkad assembly constituency bjp internal pressure to choose candidates from palakkad