

ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ മിന്നും ജയം നേടിയിരിക്കുകയാണ്, 233 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.
ഇന്നലെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 35 ഓവറിൽ 160 റൺസിൽ അവസാനിച്ചു.
മലയാളിയായ ആരോൺ ജോർജിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 227 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ വൈഭവ് യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡ് സ്വന്തമാക്കി. വെറും 154 പന്തിൽ നിന്നാണ് വൈഭവ് - ആരോൺ സഖ്യം 227 റൺസ് അടിച്ചെടുത്തത്.
വിശാഖപട്ടണത്ത് 2013-ൽ സിംബാബ്‌വെയ്‌ക്കെതിരേ അങ്കുഷ് ബെയിൻസും അഖിൽ ഹെർവാഡ്കറും ചേർന്ന് സ്ഥാപിച്ച 218 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇരുവരും ചേർന്ന് ഇത്തവണ തിരുത്തിയെഴുതിയത്.
മത്സരത്തിൽ 63 പന്തിൽ നിന്നായിരുന്നു വൈഭവിന്റെ സെഞ്ചുറി. ഇതോടെ യൂത്ത് ഏകദിന ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടവും വൈഭവിന് സ്വന്തമായി. 14 വർഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം. മത്സരത്തിൽ വെറും 74 പന്തുകൾ മാത്രം നേരിട്ട വൈഭവ് 10 സിക്‌സും ഒമ്പത് ഫോറുമടക്കം 127 റൺസെടുത്തു.
116 പന്തിൽ 16 ഫോറുകൾ അടക്കം 118 റൺസാണ് ആരോൺ നേടിയത്. കഴിഞ്ഞ അണ്ടർ 19 ഏഷ്യ കപ്പിലും ടീമിലുണ്ടായിരുന്ന ആരോൺ മിന്നും ഫോമിലാണ് ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.
Content Highlights- vaibhav suryavanshi and aaron george world record; youth odi biggest opening total