'60അടി ഉയരത്തിൽ വീണു, വോക്കൽ കോർഡ് തകർന്നു, അന്നുണ്ടായ പേടി മാറ്റാൻ പിന്നീട് 80 അടിയിൽ നിന്നാണ് ചാടിയത്'

നട്ടെല്ലിനുണ്ടാകുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന് അറിയാമല്ലോ. രണ്ട് പ്ലേറ്റും സ്ക്രൂവും ഉപയോഗിച്ച് മുറുക്കിവെയ്ക്കുകയായിരുന്നു. ആ അപകടത്തിൽ വോക്കൽ കോർഡിന്റെ വലതുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.

'60അടി ഉയരത്തിൽ വീണു, വോക്കൽ കോർഡ് തകർന്നു, അന്നുണ്ടായ പേടി മാറ്റാൻ പിന്നീട് 80 അടിയിൽ നിന്നാണ് ചാടിയത്'
dot image

ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ റിസ്ക്ക് കൂടുതലാണെന്ന് നടൻ ശരത്കുമാർ. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ 60 അടി ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും തന്റെ നട്ടെല്ലിനു പരിക്ക് പറ്റിയിരുന്നുവെന്നും ശരത്കുമാർ ഓർത്തു. ആ അപകടത്തിൽ വോക്കൽ കോർഡിന് പരിക്ക് പറ്റിയിരുന്നുവെന്നും എന്നാൽ ആ പേടിമാറാനായി താൻ 80 അടിയിൽ നിന്നാണ് അടുത്ത ചിത്രത്തിൽ ചാടിയതെന്നും നടൻ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ശരത്കുമാർ ഇക്കാര്യം പറഞ്ഞത്.

'ഇന്നത്തെ കാലത്ത് ജോലി കുറച്ചുകൂടി എളുപ്പമാണ്. അന്നൊക്കെ ഉയരത്തിൽനിന്ന് ചാടാൻ പറഞ്ഞാൽ ചാടണം. ഇന്നത്തെപ്പോലെ റോപ് ഒന്നുമില്ല. ബാലചന്ദ്രുഡു എന്നൊരു സിനിമ ചെയ്യുന്ന സമയം. മഹേഷ് ബാബുവിന്റെ മൂന്നാമത്തെ സിനിമയാണ്. ഒരു രംഗമെടുക്കുന്നതിനിടെ അറുപതടി ഉയരത്തിൽ വീഴുകയും കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സി4 സി5 എല്ല് പൊട്ടുകയായിരുന്നു. ഇടുപ്പിൽനിന്ന് ഒരെല്ല് എടുത്തുവെച്ചാണ് അതുറപ്പിച്ചത്.

നട്ടെല്ലിനുണ്ടാകുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന് അറിയാമല്ലോ. പുനർജന്മം എന്നാണ് പറയേണ്ടത്. രണ്ട് പ്ലേറ്റും സ്ക്രൂവും ഉപയോഗിച്ച് മുറുക്കിവെയ്ക്കുകയായിരുന്നു. ആ അപകടത്തിൽ വോക്കൽ കോർഡിന്റെ വലതുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. അന്നുണ്ടായ പേടി മാറ്റാൻ വീണ്ടും ഉയരത്തിൽനിന്ന് ചാടേണ്ടിവന്നു. മായി എന്ന ചിത്രത്തിനുവേണ്ടി 80 അടി ഉയരത്തിൽനിന്നാണ് ചാടിയത്. കനൽ കണ്ണൻ ആയിരുന്നു സംഘട്ടനസംവിധായകൻ.

സംശയം പ്രകടിപ്പിച്ചു നിന്നപ്പോൾ പ്രഭുദേവ ഇങ്ങനെയൊരു ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് മാസ്റ്റർ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഷോട്ടെടുക്കാൻ തയ്യാറായി. കെട്ടിടത്തിന് താഴെ രണ്ട് സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു. എന്നോട് താഴെയിറങ്ങിവരാൻ അവർ പറയുമെന്ന് കരുതി. പക്ഷേ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവർ. എന്തുംവരട്ടെ എന്നുകരുതി ആ രംഗം ചെയ്തു." ശരത്കുമാർ കൂട്ടിച്ചേർത്തു.

പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശരത്കുമാർ ചിത്രം. ചിത്രത്തിൽ ശരത്കുമാർ അവതരിപ്പിച്ച അതിയമാൻ അഴകപ്പൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു. സിനിമയുടെ ഇടവേളയോട് അടുക്കുമ്പോൾ ഒരു സിംഗിൾ ഷോട്ടിൽ കയ്യിൽ ഒരു ഗ്ലാസുമായി ശരത്കുമാർ ഡാൻസ് കളിച്ച് പോകുന്ന രംഗം ട്രെൻഡ് ആയിരുന്നു. ശരത്കുമാറിന്റെ തന്നെ 'ആയ്' എന്ന സിനിമയിലെ 'മൈലാപ്പൂർ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് നടൻ ഈ സീനിലെത്തുന്നത്. വലിയ കയ്യടികളോടെയാണ് തിയേറ്ററിലും ഈ സീനിനെ ജനങ്ങൾ വരവേറ്റത്. ആവേശത്തിന്റെ തമിഴ് റീമേക്ക് ചെയ്യുകയാണെങ്കിൽ വേറെ ആരെയും തേടി പോകണ്ട രംഗണ്ണനായി ശരത്കുമാർ അടിപൊളി ആണെന്നാണ് കമന്റുകൾ.

Content Highlights: Sarathkumar says he suffered a serious injury while shooting for an action movie

dot image
To advertise here,contact us
dot image