

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ വന്നിരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 500 കോടി നേടിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ.
'കൂലി വന്നപ്പോൾ ജെൻ സി കുട്ടികളടക്കം സോഷ്യൽ മീഡിയയിൽ പറഞ്ഞത് സിനിമ അത്ര പോരാ, നന്നായിട്ടില്ലെന്നാണ്. ആ സമയത്ത് സോഷ്യൽ മീഡിയ തുറന്നാൽ കൂലി സിനിമ മാത്രമായിരുന്നു. ആ സിനിമ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല എന്നുള്ളതല്ല, ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഒടിടിയിൽ വന്നപ്പോഴാണ് ഞാൻ ആ സിനിമ കണ്ടത്. ഒറ്റ ഇരിപ്പിനാണ് ഞാൻ കൂലി കണ്ട് തീർത്തത്. ഒടിടിയിൽ ഏത് സിനിമ കാണുമ്പോഴും അങ്ങനെയാണ് ഞാൻ ചെയ്യാറ്. കൂലിയിൽ എനിക്ക് കാര്യമായ തെറ്റുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സിനിമ കണ്ടതിനുശേഷം, ഓൺലൈൻ അഭിപ്രായങ്ങൾ എന്നെ സ്വാധീനിച്ചോ എന്ന് ഞാൻ സ്വയം ചോദിച്ചു', അശ്വിന്റെ വാക്കുകൾ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: R Ashwin about Rajini film Coolie