

ജപ്പാനിലെ ആളുകൾ 140 വയസുവരെ ജീവിക്കാറുണ്ടെന്നും നമുക്കും അതുപോലെ ജീവിക്കാൻ കഴിയുമെന്നും നടൻ ശരത്കുമാർ. തനിക്കിപ്പോൾ 70 വയസായി എന്നും അടുത്ത 30 വർഷത്തേക്കും തനിക്ക് ഇതേ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുമെന്നും ശരത്കുമാർ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ശരത്കുമാർ ഇക്കാര്യം പറഞ്ഞത്.
'ജപ്പാനിൽ നിറയെ ആളുകൾ 120,140 വർഷത്തോളം ജീവിക്കുന്നുണ്ട്. എന്തുകൊണ്ട് നമുക്കും ജീവിച്ചുകൂടാ. നമ്മളെകൊണ്ട് അതിന് കഴിയില്ല അത് സാധിക്കില്ല എന്നാണ് നമ്മൾ കരുതുന്നത്. അത് നടക്കുമെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ഇപ്പോൾ 70 വയസ്സായി, ഞാൻ ഇപ്പോഴും സജീവമാണ്. എന്നെകൊണ്ട് ഇപ്പോഴും ഭാരം ഉയർത്താൻ സാധിക്കും. പിന്നെ എന്തുകൊണ്ട് അടുത്ത 30 വർഷത്തേക്ക് എനിക്ക് അത് ചെയ്യാൻ കഴിയില്ല?. എന്റെ ഡയറ്റും മറ്റു ദിനചര്യകളും ആകാം എന്നെ അതിന് സഹായിക്കുന്നത്. എന്തുകൊണ്ട് അതെന്നെ അടുത്ത 30 വർഷം കൂടി മുന്നോട്ട് കൊണ്ടുപൊക്കൂടാ. മനസിനെ കണ്ട്രോൾ ചെയ്‌താൽ നമുക്ക് ഇനിയും ജീവിക്കാം. മാത്രമല്ല നമ്മൾ അച്ചടക്കം പാലിക്കുകയും വേണം', ശരത്കുമാറിന്റെ വാക്കുകൾ.

പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശരത്കുമാർ ചിത്രം. ചിത്രത്തിൽ ശരത്കുമാർ അവതരിപ്പിച്ച അതിയമാൻ അഴകപ്പൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു. സിനിമയുടെ ഇടവേളയോട് അടുക്കുമ്പോൾ ഒരു സിംഗിൾ ഷോട്ടിൽ കയ്യിൽ ഒരു ഗ്ലാസുമായി ശരത്കുമാർ ഡാൻസ് കളിച്ച് പോകുന്ന രംഗം ട്രെൻഡ് ആയിരുന്നു. ശരത്കുമാറിന്റെ തന്നെ 'ആയ്' എന്ന സിനിമയിലെ 'മൈലാപ്പൂർ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് നടൻ ഈ സീനിലെത്തുന്നത്. വലിയ കയ്യടികളോടെയാണ് തിയേറ്ററിലും ഈ സീനിനെ ജനങ്ങൾ വരവേറ്റത്. ആവേശത്തിന്റെ തമിഴ് റീമേക്ക് ചെയ്യുകയാണെങ്കിൽ വേറെ ആരെയും തേടി പോകണ്ട രംഗണ്ണനായി ശരത്കുമാർ അടിപൊളി ആണെന്നാണ് കമന്റുകൾ.
Content Highlights: Sarathkumar about lifestyle and health