

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം നിയമസഭാ മണ്ഡലങ്ങളില്‍ മുഖം രക്ഷിക്കാനാതെ അഞ്ച് മന്ത്രിമാര്‍. റോഷി അഗസ്റ്റിന്‍, വി അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, പി രാജീവ് എന്നിവരുടെ നിയോജകമണ്ഡങ്ങളില്‍ മുന്നണി പിന്നിലാണ്. ഇവിടങ്ങളില്‍ യുഡിഎഫ് ആണ് ഒന്നാമത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കൂട്ടുമ്പോള്‍ ഈ മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫിന് തിരിച്ചടിയാണ്. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ഇവരുടെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പിന്നിലായത്. മുഖ്യമന്ത്രിയടക്കം ആകെ 21 പേരുള്ള മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ മുന്നണി പിന്നിലാണ്.
രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്റെ നിയോജകമണ്ഡലമായ കണ്ണൂരില്‍ സ്ഥിതി മെച്ചമില്ല. എട്ടായിരത്തോളം വോട്ടുകളുടെ പിന്നിലാണ് എല്‍ഡിഎഫ്. എം ബി രാജേഷിന്റെ തൃത്താലയില്‍ ആറായിരത്തോളവും വി ശിവന്‍കുട്ടിയുടെ നേമത്ത് അയ്യായിരത്തോളവും വോട്ടുകള്‍ക്ക് പിന്നിലാണ് എല്‍ഡിഎഫ്. നേമം മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍. കെ ബി ഗണേഷ് കുമാറിന്റെയും വി എന്‍ വാസവന്റെയും മണ്ഡലത്തില്‍ രണ്ടായിരത്തിനും ആയിരത്തിനും ഇടയില്‍ വോട്ടുകള്‍ക്കും പിന്നിലാണ്.
വോട്ടില്‍ മുഖ്യമന്ത്രി തന്നെയാണ് മുന്നില്‍. ധര്‍മ്മടത്ത് പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്. പതിമൂവായിരത്തോളം വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടി മന്ത്രി ജി ആര്‍ അനിലും പന്ത്രണ്ടായിരത്തോളം ഭൂരിപക്ഷം നേടി മന്ത്രി പി പ്രസാദിന്റെ മണ്ഡലത്തിലും ഏറെ മുന്നിലാണ്. മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ മണ്ഡലങ്ങളില്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് മുന്നില്‍. കെ കൃഷ്ണന്‍കുട്ടിയുടെയും ആര്‍ ബിന്ദുവിന്റെയും മണ്ഡലത്തില്‍ ആറായിരത്തോളവും എ കെ ശശീന്ദ്രന്റെയും സജി ചെറിയാന്റെയും മണ്ഡലങ്ങളില്‍ അയ്യായിരത്തോളവുമാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം.
Content Highlights: local body election Result LDF Face setback in 10 ministerial constituencies