പാക്-അഫ്ഗാൻ അതിർത്തിയിൽ സംഘർഷം; 20 താലിബാനികളെ വധിച്ചെന്ന് പാക് സൈന്യം; തിരിച്ചടിച്ചെന്ന് താലിബാൻ

നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ അവകാശപ്പെട്ടു

പാക്-അഫ്ഗാൻ അതിർത്തിയിൽ സംഘർഷം; 20 താലിബാനികളെ വധിച്ചെന്ന് പാക് സൈന്യം; തിരിച്ചടിച്ചെന്ന് താലിബാൻ
dot image

ഇസ്ലാമാബാദ്: പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താൻ ഖത്തറിന്‍റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസത്തിന് ശേഷമാണ് അഫ്ഗാൻ - പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.

12 സാധാരണക്കാർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും താലിബാന്‍ അവകാശപ്പെടുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ അറിയിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍ അവകാശവാദമുന്നയിച്ചിരുന്നു. ഏറ്റുമുട്ടലില്‍ 23 പാക് സേന അംഗങ്ങളും കൊല്ലപ്പെട്ടതായി പാകിസ്താന്‍ വ്യക്തമാക്കി. എന്നാല്‍ നേരത്തെ 58 പാക് സേന അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നായിരുന്നു അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാക് സൈന്യം കണക്കുകള്‍ പുറത്തുവിട്ടത്. അഫ്ഗാനിസ്താന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും തങ്ങള്‍ പിടിച്ചടക്കിയെന്നും പാകിസ്താന്‍ അവകാശവാദമുന്നയിച്ചു. അഫ്ഗാനിസ്താനിലെ താലിബാനും പാകിസ്താനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണവുമായി എത്തിയത് എന്നാണ് പാകിസ്താന്‍ സൈന്യം പറയുന്നത്. താലിബാന്റെ ആക്രമണത്തെ ശക്തമായി ചെറുക്കുകയും താലിബാന്റെ വിവധ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പാക് സൈന്യം അവകാശപ്പെട്ടു.

Content Highlight : Clashes on Pak-Afghan border; 20 Taliban killed, says Pakistani army

dot image
To advertise here,contact us
dot image