

തുടർച്ചയായുള്ള ബോക്സ് ഓഫീസിൽ വിജയങ്ങളിലൂടെയും മികച്ച ചിത്രങ്ങളിലൂടെയും സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് ശിവകാർത്തികേയൻ. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സിനിമ മികച്ച കളക്ഷൻ നേടിക്കൊണ്ട് ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ഇനി വമ്പൻ സിനിമകളാണ് ശിവകാർത്തികേയന്റേതായി വരാനുള്ളത്.
ഡോൺ എന്ന വമ്പൻ ഹിറ്റ് സിനിമയ്ക്ക് ശേഷം സിബി ചക്രവർത്തിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇനി ഷൂട്ടിംഗ് ആരംഭിക്കാനുള്ള ശിവകാർത്തികേയൻ ചിത്രം. ഒരു കൊമേർഷ്യൽ സിനിമയാകും ഇതെന്നാണ് സൂചന. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. വിജയ് ചിത്രമായ ഗോട്ടിന് ശേഷം വെങ്കട്ട് പ്രഭു ഒരുക്കുന്ന അടുത്ത സിനിമയിലും നായകൻ ശിവകാർത്തികേയനാണ്. സയൻസ് ഫിക്ഷൻ ഴോണറിൽ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. വിക്രം വേദ എന്ന ഹിറ്റ് സിനിമയൊരുക്കിയ പുഷ്കർ-ഗായത്രിക്കൊപ്പവും ശിവകാർത്തികേയൻ ഒന്നിക്കുന്ന എന്ന റിപ്പോർട്ടുകൾ അടുത്തിടെ ഉയർന്നിരുന്നു. എന്നാൽ സംവിധായകരുടെ ഭാഗത്തുനിന്നും ഇതിനെക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

അതേസമയം, സുധ കൊങ്കരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ സിനിമ. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയന് പുറമേ രവി മോഹനും, അഥർവയുമാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി മോഹൻ വില്ലനായാണ് ചിത്രത്തിൽ എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
#Sivakarthikeyan – “I will be working on a film with #CibiChakaravarthy next. I’m eager to see how the film comes out, that will be my next project. Following that will be #VenkatPrabhu sir’s film, and another one with #PushkarGayatri is in discussion. I’m excited about my… pic.twitter.com/W96c9kNzMR
— Movies Singapore (@MoviesSingapore) September 9, 2025
മദ്രാസി ഇതിനോടകം 50 കോടി ക്ലബിൽ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
content highlights: sivakarthikeyan upcoming movies