
ഇക്കഴിഞ്ഞ ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുകേട്ടത്. ആടുജീവിതം എന്ന സിനിമയെയും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും അവാർഡിൽ നിന്ന് തഴഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ ദേശീയ അവാർഡിനെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനല്ല സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ നിർമിക്കുന്നതെന്നും ആടുജീവിതത്തിന് തനിക്ക് ഏറ്റവും വലിയ അവാർഡ് അവർ തന്നു കഴിഞ്ഞെന്നും പൃഥ്വി പറഞ്ഞു.
'സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല. അതൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്. അതെല്ലാം കൂടുതൽ റീച്ച് ലഭിക്കാൻ സഹായകമാകും. പക്ഷെ എല്ലാത്തിനും മുകളിൽ സിനിമയെടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്. നിങ്ങൾ ആടുജീവിതത്തിന് എനിക്ക് ഏറ്റവും വലിയ അവാർഡ് തന്നു കഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി. ആടുജീവിതം എനിക്ക് വളരെ സ്പെഷ്യൽ ആയ ഒരു സിനിമയാണ്', പൃഥ്വിയുടെ വാക്കുകൾ. ഷാർജയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
ആടുജീവിതം കണ്ടു ഇഷ്ടപ്പെടുകയും സിനിമയെ പ്രശംസിക്കുകയും ചെയ്ത ജൂറി അശുതോഷ് ഗോവാരിക്കർ സിനിമയെ തള്ളിപ്പറഞ്ഞത് തന്നെ അതിശയിപ്പിച്ചെന്ന് ബ്ലെസി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.
ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. എ ആർ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
content highlights: prithviraj about aadujeevitham national award