ജമ്മു കശ്മീരിലെ ഏക ആംആദ്മി പാര്‍ട്ടി എംഎല്‍എ മെഹ്‌രാജ് മാലിക്‌ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റില്‍

രണ്ടുവര്‍ഷം വരെ കുറ്റം ചുമത്താതെയും വിചാരണ നടത്താതെയും തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന പിഎസ്എ പ്രകാരം ഒരു സിറ്റിംഗ് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്

ജമ്മു കശ്മീരിലെ ഏക ആംആദ്മി പാര്‍ട്ടി എംഎല്‍എ മെഹ്‌രാജ് മാലിക്‌ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റില്‍
dot image

ജമ്മു: ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എംഎല്‍എ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റില്‍. ദോഡ ജില്ലയില്‍ പൊതുക്രമസമാധാനം തകര്‍ത്തുവെന്ന് ആരോപിച്ചാണ് കര്‍ശന പൊതുസുരക്ഷാ നിയമം(പിഎസ്എ) പ്രകാരം എഎപി എംഎല്‍എ മെഹ്‌രാജ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം വരെ കുറ്റം ചുമത്താതെയും വിചാരണ നടത്താതെയും തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന പിഎസ്എ പ്രകാരം ഒരു സിറ്റിംഗ് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്. ദോഡയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍വീന്ദര്‍ സിംഗിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും 'അൺ പാർലമെൻ്ററി' ഭാഷ ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെയാണ് മെഹ്‌രാജ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.

മെഹ്‌രാജ് മാലിക്കിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കെതിരെ അന്യായമായ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു. 'പിഎസ്എ പ്രകാരം മെഹ്‌രാജ് മാലിക്കിനെ തടങ്കലില്‍ വയ്ക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ഒരിക്കലും പൊതുസുരക്ഷയ്ക്ക് ഭീഷണിയല്ല. പിഎസ്എ പ്രകാരം അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കുന്നത് തെറ്റാണ്. തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കെതിരെ അധികാരപ്രയോഗം നടത്തുമ്പോള്‍ എങ്ങനെയാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുക?': ഒമര്‍ അബ്ദുളള എക്‌സില്‍ കുറിച്ചു.

ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനുപിന്നാലെയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ആരോഗ്യവകുപ്പ് രണ്ടുവര്‍ഷമായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ വാടക അതിന്റെ ഉടമയായ കര്‍ഷകന് നല്‍കിയില്ലെന്നാരോപിച്ചാണ് എംഎല്‍എ കമ്മീഷണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മീറ്റിംഗ് സംഘടിപ്പിക്കാനും കമ്മീഷണര്‍ വിസമ്മതിച്ചുവെന്നും എംഎല്‍എ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ദോഡ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗജയ് സിങ് റാണയെ 4538 വോട്ടിന് പരാജയപ്പെടുത്തിയാണ് മെഹ്‌രാജ് മാലിക്‌ നിയമസഭയിലെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് ജമ്മു കശ്മീരില്‍ ആദ്യ വിജയം നേടിക്കൊടുത്തതും മാലിക്കാണ്. സര്‍ക്കാര്‍ രൂപീകരണ സമയത്ത് ഒമര്‍ അബ്ദുളളയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: jammu kashmir's lone aap mla mehraj malik arrested under public safety act

dot image
To advertise here,contact us
dot image