
എമ്പുരാൻ എന്ന സിനിമയ്ക്ക് താൻ എതിരാണെന്നും അതൊരു ദേശവിരുദ്ധ സിനിമയാണെന്നും നടൻ ദേവൻ. ശരിക്കും നടന്ന സംഭവങ്ങൾ അല്ല ആ സിനിമയിൽ കാണിച്ചതെന്നും ദേവൻ കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ മനസുതുറന്നത്.
'എമ്പുരാൻ എന്ന സിനിമയ്ക്ക് ഞാൻ എതിരാണ്. ആ ചിത്രം ഒരു നോൺസെൻസ് ആണ്. ആ സിനിമ ഇന്ത്യയ്ക്ക് എതിരാണ് മാത്രമല്ല ഒരു ദേശവിരുദ്ധ സിനിമയാണ് എമ്പുരാൻ. സിനിമയുടെ ആദ്യം അവർ ചിലത് കാണിച്ചിട്ട് പിന്നെ അതെല്ലാം അവർ മറച്ചല്ലോ. ശരിക്കും എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങൾ അല്ല സിനിമയിൽ കാണിച്ചത്', ദേവന്റെ വാക്കുകൾ.
തുടക്കം മുതൽ വിവാദങ്ങൾ പിടികൂടിയ സിനിമയാണ് എമ്പുരാൻ. മാർച്ച് 27 നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 ൽ കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.
അതേസമയം, ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു സിനിമ നേടിയത്. ലോകമെമ്പാട് നിന്നും 268 കോടിയോളമാണ് എമ്പുരാൻ കളക്ട് ചെയ്തത്. ഇതിൽ തന്നെ 142 കോടിയോളം രൂപ എമ്പുരാൻ കളക്ട് ചെയ്തത് ഓവർസീസിൽ നിന്നുമാണ്. മോളിവുഡിന്റെ മാർക്കറ്റ് വളർച്ചയെ അടയാളപ്പെടുത്തുന്ന നമ്പറുകളാണ് ഇത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.
content highlights: i am against empuraan says devan