
ചെറിയ കുഞ്ഞ് പോലും മോഹൻലാൽ എന്ന് പറയുമ്പോൾ ആ ചരിഞ്ഞ തോൾ അനുകരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്ന് നടൻ മോഹൻലാൽ. എനിക്ക് അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. സിനിമയിൽ പോലും സംവിധായകർ വന്ന് ചരിഞ്ഞു നടക്കാൻ പറയാറുണ്ടെന്ന് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
'ഈ ചരിവ് ഒരു മാനുഫാക്‌ചറിംഗ് ഡിഫെക്ട് ആണ്. ഈ ചരിവ് എന്റെ അമ്മയ്ക്ക് ഉണ്ട്, അമ്മയുടെ അച്ഛനുണ്ട്, അത് ചില ആളുകളുടെ ശരീര ഘടനയാണ്. ചെറിയ കുഞ്ഞ് പോലും മോഹൻലാൽ എന്ന് പറയുമ്പോൾ ആ ചരിഞ്ഞ തോൾ അനുകരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും. എനിക്ക് അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. ഇപ്പോ നേരെ നടക്കാൻ സമ്മതിക്കില്ല. സിനിമയിൽ ആയാലും സംവിധായകൻ വന്ന് ഒന്ന് ചരിഞ്ഞു നടക്കാൻ പറയും. നേരെ നടന്നാൽ ഞാൻ വേറെ ആളായി പോകും. നേരെ നടക്കാൻ സമ്മതിക്കുന്നില്ല എന്താ ചെയ്യാ…', മോഹൻലാലിന്റെ വാക്കുകൾ.
അതേസമയം, സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ഓണം റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ഹൃദയപൂർവ്വം 50 കോടിയിലധികം നേടി മുന്നേറുകയാണ്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും പറഞ്ഞത്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
content highlights: mohanlal about his walking style