
ബോളിവുഡിലെ പുതിയ ചിത്രമായ 'പരം സുന്ദരി'യിൽ മലയാളി നടി പ്രിയ വാര്യർ ഒരു ജൂനിയർ ആർട്ടിസ്റ്റിന് സമാനമായ റോളിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർ അതിശയത്തോടെയും നിരാശയോടെയുമാണ് പ്രതികരിക്കുന്നത്. ജാൻവി കപൂറും സിദ്ധാർത്ത് മൽഹോത്രയും പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ, ഒരു ചുവപ്പ്-വെളുപ്പ് നിറമുള്ള സാരിയിൽ പ്രിയ ജനക്കൂട്ടത്തിൽ നിശബ്ദമായി നടന്ന് പോകുന്നതാണ് ഒരു രംഗത്തിൽ കാണുന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വൻ ചർച്ചയാകുകയാണ്.
ഇൻസ്റ്റഗ്രാമിലും X-ലും പ്രചരിച്ച വീഡിയോയിൽ, പ്രിയയെ തിരിച്ചറിയാൻ ആരാധകർക്ക് അധികം സമയം വേണ്ടിവന്നില്ല. ഇത് പ്രിയ വാര്യർ തന്നെയല്ലേ എന്ന ചോദ്യങ്ങൾ മുതൽ പ്രിയയെ നായികയാക്കേണ്ടതായിരുന്നു എന്ന അഭിപ്രായങ്ങൾ വരെ ഉയരുന്നുണ്ട്. ചിലർ ജാൻവി കപൂറിന്റെ വേഷം പ്രിയയ്ക്ക് കൂടുതൽ അനുയോജ്യമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നു. സിനിമയിൽ നായികയായി പ്രിയയെ എടുത്തിരുന്നെങ്കിൽ കൂടുതൽ സ്വാഭാവികത ഉണ്ടാകുമായിരുന്നു എന്നൊരു കമന്റും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പശ്ചാത്തലമായ കേരളം കൂടി പരിഗണിച്ചാൽ, പ്രിയയുടെ സാന്നിധ്യം കൂടുതൽ യാഥാർത്ഥ്യവും ആകർഷണവുമുണ്ടാക്കുമായിരുന്നു എന്നതും ചിലരുടെ അഭിപ്രായമാണ്.
സിനിമയിലെ പ്രിയയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ അതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വാതിൽ തുറക്കുകയാണ്. ബോളിവുഡിൽ പ്രിയയ്ക്ക് കൂടുതൽ ശ്രദ്ധയും ശക്തമായ വേഷങ്ങളും ലഭിക്കേണ്ടതുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
2019-ൽ പുറത്തിറങ്ങിയ 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ വിങ്ക് സീനിലൂടെ പ്രിയ വാര്യർ ദേശീയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. യാരിയാൻ 2, ഗുഡ് ബാഡ് അഗ്ലി എന്നിവയിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ 3 മങ്കീസ്, ലവ് ഹാക്കേഴ്സ് എന്നീ ഹിന്ദി ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്.
സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'.സിനിമയിലെ ഗാനങ്ങളും വിഷ്വലുകളും മികച്ചുനിൽക്കുന്നുണ്ടെങ്കിലും തിരക്കഥ പാളിപ്പോയെന്നാണ് കമന്റുകൾ. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. സിദ്ധാർഥിൻ്റെയും ജാൻവിയുടെയും കെമിസ്ട്രി അടിപൊളിയാണെന്നും എന്നാൽ സിനിമയുടെ തിരക്കഥ മോശമാണെന്നുമാണ് അഭിപ്രായങ്ങൾ. കേരളത്തെയും മലയാളത്തെയും വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സ്ഥിരം ബോളിവുഡ് സ്റ്റീരിയോടൈപ്പ് ആണെന്നുമാണ് മറ്റു കമന്റുകൾ.
content highlights : Priya Varrier played the role of background artist in Param Sundari