
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം.
ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് നീക്കം. ബിജെപി ഇതര നേതാക്കളെയും ക്ഷണിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബദല്‍ അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Global Ayyappa Sangamam Devaswom Invitation for Suresh Gopi