അന്ന് രജനിക്കൊപ്പം ശിവ രാജ്കുമാർ, ഇന്ന് ഉപേന്ദ്രയുടെ ഊഴം; തമിഴിൽ കയ്യടി നേടുന്ന കന്നഡ സൂപ്പർതാരങ്ങൾ

നടന്റെ ഇൻട്രോ സീനിനും ബിജിഎമ്മിനും വലിയ സ്വീകരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. രജനികാന്ത് ആരാധകർ സിനിമയെ തിയേറ്ററിൽ കൊണ്ടാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം, ചിത്രത്തിലെ ഉപേന്ദ്രയുടെ കഥാപാത്രത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.

ചിത്രത്തിൽ കലീഷ എന്ന കഥാപാത്രത്തെയാണ് ഉപേന്ദ്ര അവതരിപ്പിക്കുന്നത്. നടന്റെ ഇൻട്രോ സീനിനും ബിജിഎമ്മിനും വലിയ സ്വീകരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്. സ്ക്രീൻ സ്പേസ് കുറവാണെങ്കിലും ചിത്രത്തിൽ ഉപേന്ദ്ര കലക്കിയെന്നും നടനെ ഇത്തരം മാസ്സ് കഥാപാത്രങ്ങളിലേക്ക് ഇനിയും കാസ്റ്റ് ചെയ്യണമെന്നുമാണ് കമന്റുകൾ. മുൻപ് നെൽസൺ ചിത്രമായ ജയിലറിൽ ശിവ രാജ്‌കുമാർ എത്തി കയ്യടി നേടിയത് പോലെ മറ്റൊരു കന്നഡ താരവും ജനഹൃദയങ്ങൾ കീഴടക്കി എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. അതേസമയം, ചിത്രം ലോകേഷിന്റെ സ്ഥിരം നിലവാരത്തിലേക്ക് ഉയർന്നില്ലെന്നാണ് അഭിപ്രായങ്ങൾ. അനിരുദ്ധിന്റെ മ്യൂസിക്കിനും സൗബിന്റെ അഭിനയത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

നാഗാർജുന, ശ്രുതി ഹാസൻ എന്നിവരുടെ പ്രകടനങ്ങളും മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാൻസ് ബോക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Upendra role from coolie gets claps

dot image
To advertise here,contact us
dot image