
കൊച്ചി: കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിൽ സോഫിയാ പോളിനും സന്ദീപ് സേനനും വിജയം. ഇരുവരും വൈസ് പ്രസിഡന്റുമാർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണിയും ഹംസ എം.എമ്മും ജോയിന്റ് സെക്രട്ടറിമാരായി വിജയിച്ചു.
ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. നിര്‍മാതാവ് സാന്ദ്രാ തോമസ് മത്സര രംഗത്തേയ്ക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര രംഗത്തേയ്ക്ക് വന്നത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര പര്‍ദ്ദ ധരിച്ച് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നാമനിര്‍ദേശ പത്രിക പരിഗണിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തയ്യാറായില്ല. മാത്രവുമല്ല സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.
Content Highlights: Sandip Senan and Sophia paul elected as vice president of kerala film producers association