
പ്രമുഖ ഫോട്ടോഗ്രാഫി കമ്പനി ഈസ്റ്റ്മാൻ കൊഡാക് സേവനം അവസാനിപ്പിക്കുന്നു. 133 വർഷം പഴക്കമുള്ള ഫോട്ടോഗ്രാഫി കമ്പനിയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതായി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊഡാക് കമ്പനിയുടെ തിങ്കളാഴ്ച പുറത്തിറക്കിയ വരുമാന റിപ്പോർട്ടിൽ, ഏകദേശം 500 മില്യൺ ഡോളർ കടബാധ്യതകൾ അടച്ചുതീർക്കാനുള്ളതായി സൂചിപ്പിക്കുന്നു. ഇതിനുള്ള പണമോ ധനസഹായമോ കൈവശമില്ല. പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകുന്നതിൽ സംശയമുണ്ടെന്ന് കൊഡാക് കമ്പനി മുന്നറിയിപ്പ് നൽകി.
കമ്പനിയുടെ പെൻഷൻ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നത് നിർത്തികൊണ്ട് കൊഡാക് പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്. സമാനമായി കാമറയുടെ മഷി, ഫിലിം, ലെൻസ് എന്നിവയിൽ പലതും യുഎസിൽ തന്നെയാണ് നിർമിക്കുന്നതെന്നതിനാൽ താരിഫുകൾ ബിസിനസിനെ കാര്യമായി ബാധിച്ചേക്കില്ലെന്ന് കമ്പനി പറയുന്നു.
സാമ്പത്തിക സാഹചര്യങ്ങൾ ബുദ്ധിമുട്ടിലാണെങ്കിലും ഈ വർഷം രണ്ടാം പാദത്തിൽ കമ്പനിയുടെ ദീർഘകാല പദ്ധതികളിൽ നേട്ടമുണ്ടായിട്ടുണ്ടെന്ന് കൊഡാക് സിഇഒ ജിം കോണ്ടിനെൻസ പറയുന്നു. കടമെടുത്ത തുകയുടെ വലിയൊരു ഭാഗം കാലാവധി തീരുന്നതിന് മുമ്പ് തന്നെ അടച്ചു തീർക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അശേഷിക്കുന്ന കടങ്ങളിലും സ്റ്റോക്ക് ബാധ്യതകളിലും ഇളവുകൾ വരുത്തുവാനും സമയപരിധി ദീർഘിപ്പിക്കാനും കഴിയുമെന്നും കോണ്ടിനെൻസ വ്യക്തമാക്കി.
ഈസ്റ്റ്മാൻ കൊഡാക്ക് ഫോട്ടോഗ്രാഫി കമ്പനി 1892ലാണ് സ്ഥാപിതമാകുന്നത്. എന്നാൽ കമ്പനിയുടെ ചരിത്രം 1879ൽ തന്നെ ആരംഭിച്ചിരുന്നു. അന്നാണ് കമ്പനിയുടെ സ്ഥാപകനായ ജോർജ് ഈസ്റ്റ്മാൻ ഒരു പ്ലേറ്റ് കോട്ടിംഗ് മെഷീന് പേറ്റന്റ് നേടിയത്. 1888ൽ ഈസ്റ്റ്മാൻ ആദ്യത്തെ കൊഡാക്ക് കാമറ 25 ഡോളറിന് വിറ്റു.
അക്കാലത്ത് ഫോട്ടോഗ്രാഫി ഒരു സാധാരണ ബിസിനസ് ആയിരുന്നില്ല. കാരണം അതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും ഉപകരണങ്ങളും എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ കൊഡാക് കാമറ ഫോട്ടോഗ്രാഫി സാധാരണക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തത്. "നിങ്ങൾ ബട്ടൺ അമർത്തുക, ബാക്കിയുള്ളവ ഞങ്ങൾ ചെയ്യാം" എന്ന മുദ്രാവാക്യം ഈസ്റ്റ്മാൻ അക്കാലത്ത് അവതരിപ്പിച്ചു.
ജോർജ് ഈസ്റ്റമാൻ നിർമിച്ചെടുത്ത വാക്കാണ് കൊഡാക്. കെ എന്ന അക്ഷരം ഇഷ്ടമുള്ളതുകൊണ്ടാണ് അത്തരമൊരു പേര് നിർമിച്ചത്. 1970കളിൽ, അമേരിക്കയിലെ ഫിലിം വിൽപ്പനയുടെ 90%-വും കാമണ വിൽപ്പനയുടെ 85%-വും കൊഡാക്കിനായിരുന്നു. 1975-ൽ കൊഡാക്ക് ആദ്യത്തെ ഡിജിറ്റൽ ക്യാമറ അവതരിപ്പിച്ചു. എന്നാൽ കൊഡാക്കിന്റെ ശക്തമായ വിപണി സ്ഥാനം അധികകാലം നീണ്ടുനിന്നില്ല.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച മുതലെടുക്കാൻ കൊഡാക്കിന് കഴിഞ്ഞില്ല. 2012ൽ കമ്പനിയുടെ കടബാധ്യതകളേറി. അന്ന് കമ്പനി ഒരു ലക്ഷത്തോളം പേരിൽ നിന്ന് കടമെടുത്തിരുന്നു. 6.75 ബില്യൺ ഡോളറിന്റെ കടബാധ്യതയും ഉണ്ടായിരുന്നു.
Content Highlights: 133-year old Kodak says it might have to cease operations