വിളപ്പിൽശാലയിൽ പുതിയ ഗവൺമെന്റ് പോളിടെക്നിക് കോളേജ്: ഭൂമി കൈമാറി

പുതിയ ഗവൺമെന്റ് പോളിടെക്നിക് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

dot image

തിരുവനന്തപുരം: ഉന്നത, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുത്തൻ കയ്യൊപ്പ് ചാർത്താനൊരുങ്ങി കാട്ടാക്കട. വിളപ്പിൽശാലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൻ്റെ പുതിയ ഗവൺമെന്റ് പോളിടെക്നിക് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല വാർഡിൽ കോളേജിനായി കണ്ടെത്തിയ 2.02 ഹെക്ടർ റവന്യൂഭൂമി സാങ്കേതിക വകുപ്പിന് കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഭൂമി കൈമാറുകയായിരുന്നു. മന്ത്രി ജി ആർ അനിൽകുമാർ, ഐ ബി സതീഷ് എംഎൽഎ, നിർദ്ദിഷ്ട പോളിടെക്നിക് കോളേജിന്റെ സ്പെഷ്യൽ ഓഫീസർ സിനിമോൾ കെ ജി തുടങ്ങിയവർ പങ്കെടുത്തു.

ഒരു കാലത്ത് നഗരത്തിൻ്റെ മാലിന്യക്കൂന എന്നറിയപ്പെട്ട വിളപ്പിൽശാലയിൽ 100 ഏക്കർ സ്ഥലമേറ്റെടുത്ത് സാങ്കേതിക സർവകലാശാല സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ഈ സർക്കാർ യാഥാർത്ഥ്യമാക്കിയിരുന്നു. ഡോ എപിജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ആസ്ഥാനവും ക്യാംപസും സ്ഥാപിക്കുന്നതിനായി വിളപ്പിൽ പഞ്ചായത്തിൽ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോളിടെക്നിക് കോളേജിനായി 2025-2026 ൽ സംസ്ഥാന സർക്കാർ ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയത്.

ഐബി സതീഷ് എംഎൽഎയുടെ നിരന്തരമായ ശ്രമങ്ങളെത്തുടർന്നാണ് കാലതാമസമില്ലാതെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാനായത്. പൊതുമരാമത്ത് വകുപ്പിനാണ് പോളിടെക്നിക് മന്ദിര നിർമ്മാണ ചുമതല. എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സിവിൽ ആൻഡ് റൂറൽ എൻജിനീയറിംഗ്, റിന്യൂവബിൾ എനർജി ടെക്നോളജി, മറൈൻ എൻജിനീയറിംഗ് ആൻഡ് സിസ്റ്റംസ് എന്നീ കോഴ്സുകളാണ് ആരംഭഘട്ടത്തിൽ കോളേജിലുണ്ടാകുക.

Content Highlight: Land handed over to new Government Polytechnic College in Vilappilsala

dot image
To advertise here,contact us
dot image