ബഹ്റൈൻ ​സർക്കാരിന്റെ മൈ​ഗവ് ആപ്പ് കൂടുതൽ ജനപ്രീയമാകുന്നു; 24 സേവനങ്ങൾ കൂടി ലഭ്യമാകും

ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുളള സേവനം ആപ്പിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്

dot image

ബഹ്റൈനില്‍ ഇ-ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാകുന്ന മൈഗവ് മൊബൈല്‍ ആപ്പില്‍ ഇനി മുതല്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക്, ഗതാഗത മന്ത്രാലയം, വൈദ്യുതി, ജല വകുപ്പ് തുടങ്ങിയ മേഖലകളിലെ 24 സേവനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ്, മുഹമ്മദ് അലി അല്‍ ഖ്വയ്ദാണ് ഇക്കാര്യം അറിയിച്ചത്.

ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുളള സേവനം ആപ്പിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. പേയ്‌മെന്റ് നോട്ടിഫിക്കേഷനുകള്‍, അടിയന്തര സാഹചര്യങ്ങളിലെ അലര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങളും ആപ്പില്‍ ലഭ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു.

വ്യക്തികള്‍ക്കുള്ള 'മൈഗവ്', ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കുമുള്ള 'അല്‍താജിര്‍', സന്ദര്‍ശകര്‍ക്കുള്ള 'വിസിറ്റ് ബഹ്റൈന്‍' എന്നീ മൂന്ന് പ്രധാന പ്ലാറ്റ്ഫോമുകളിലേക്ക് എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് ഡയറക്ടറിയും ബഹ്റൈന്‍ പോസ്റ്റ് ആപ്പും അതിന്റെ തപാല്‍ സേവനങ്ങള്‍ ലയിപ്പിച്ച ശേഷം ഉടന്‍ നിര്‍ത്തലാക്കും.

വൈദ്യുതി, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി മന്ത്രാലയം (MCICT) MyGov ആപ്പിലെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി, വാട്ടർ ആപ്പ് സേവനങ്ങൾ MyGov ആപ്പുമായി സംയോജിപ്പിച്ചു. ഇ-ട്രാഫിക് ആപ്പ് സേവനങ്ങൾ നിലവിൽ സംയോജിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്.

ഈ മാറ്റങ്ങളോടെ, പഴയ വാട്ടർ ആപ്പും ഇ-ട്രാഫിക് ആപ്പും പ്രവർത്തനം അവസാനിപ്പിക്കും. കൂടാതെ, വിദ്യാർത്ഥികളുടെ പരീക്ഷാഫലങ്ങൾ ലഭിക്കുന്ന ആപ്പും മറ്റു ചില സേവനങ്ങളും മൈഗവ് ആപ്പിലേക്ക് മാറ്റും. ഈ മാറ്റങ്ങൾ വഴി എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാൻ സാധിക്കും.

Content Highlights: 24 new eServices added to Bahrain's MyGov mobile app

dot image
To advertise here,contact us
dot image