
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പതിവായി പ്രകോപനപരമായ ഭീഷണികളും വിദ്വേഷപരമായ പരാമര്‍ശങ്ങളും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ നേതൃത്വത്തിന് മുന്നറിയിപ്പുമായി ഇന്ത്യ. സ്വന്തം പരാജയം മറച്ചുവെക്കാനാണ് ഇന്ത്യാ വിരുദ്ധമായ പ്രസ്താവനകള്‍ പാകിസ്താന്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ പാകിസ്താന് താങ്ങാനാവാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
'ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ പാക് നേതൃത്വം തുടര്‍ച്ചയായി ഉന്നയിക്കുന്നതിൻ്റെ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. സ്വന്തം പരാജയം മറച്ചുവെക്കുന്നതിനായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത് പാക് നേതൃത്വത്തിന്റെ ഒരു രീതിയാണ് ', വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടതുപോലുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ നേതൃത്വത്തിന്റെ തുടര്‍ച്ചയായ പ്രസ്താവനകള്‍ക്കും ഭീഷണികള്‍ക്കും പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. കഴിഞ്ഞയാഴ്ച പാക് സൈനിക മേധാവി അസിം മുനീര്‍ തന്റെ യുഎസ് സന്ദര്‍ശന വേളയില്‍ ഇസ്ലാമാബാദ് ഒരു നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ മേഖലയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇത് ആരംഭിച്ചത്.
സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നിട്ടുവേണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്ന് അസിം മുനീര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നുമായിരുന്നു അസിം മുനീര്‍ പറഞ്ഞത്.
'പാകിസ്താന്‍ ആണവരാഷ്ട്രമാണ്. പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനില്‍പിനെ ബാധിക്കുകയാണെങ്കില്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ല', അസിം മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: India's BIG warning to Pakistan after Asim Munir's nuke threat