പൊട്ടി പാളീസായെന്ന് പറഞ്ഞാൽ പോരാ!, തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് പവൻ കല്യാൺ ചിത്രം

ഇന്ത്യയിൽ നിന്നും വെറും 87 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായതെന്നാണ് പ്രമുഖ വെബ്സൈറ്റ് ആയ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്

dot image

പവൻ കല്യാൺ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് സിനിമയാണ് ഹരി ഹര വീരമല്ലു. വളരെ കാലമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമ ജൂലൈ 24 നാണ് പുറത്തിറങ്ങിയത്. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്സിനും മേക്കിങ്ങിനും രണ്ടാം പകുതിയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് സിനിമ കൂപ്പുകുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ നിർമാതാവിന് 100 കോടിയ്ക്കും മുകളിലാണ് നഷ്ടം സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ആഗോള ബിസിനസ് വഴി 175 കോടി മാത്രമാണ് നേടാനായത്. ഇതിൽ ആഗോള തലത്തിൽ തിയേറ്ററിൽ നിന്ന് മാത്രം ചിത്രം നേടിയത് 117.16 കോടിയാണ്. ഇന്ത്യയിൽ നിന്നും വെറും 87 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായതെന്നാണ് പ്രമുഖ വെബ്സൈറ്റ് ആയ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. ഈ കണക്കുകൾ പ്രകാരം സിനിമയുടെ നഷ്ടം 125 കോടിയോളമാണ്. മോശം പ്രതികരണങ്ങളെത്തുടർന്ന് റീ എഡിറ്റ് ചെയ്ത സിനിമയുടെ പുതിയ പതിപ്പ് റിലീസ് ചെയ്തു ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തിയിരുന്നു.

ചിത്രത്തിലെ ആക്ഷൻ സീനുകളിലെ കുതിരയുടെ വിഷ്വലുകളിലെ വിഎഫ്എക്സിനും കടുത്ത വിമർശനങ്ങൾ വന്നിരുന്നു. അഞ്ച് വർഷത്തോളമെടുത്ത് ഷൂട്ട് ചെയ്തതിൻ്റെ യാതൊരു ക്വാളിറ്റിയും സിനിമയ്ക്ക് ഇല്ലെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. എന്നാൽ എം എം കീരവാണി നൽകിയ പശ്ചാത്തലസംഗീതത്തിന് കയ്യടികൾ കിട്ടിയിരുന്നു. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഈ പവൻ കല്യാൺ സിനിമ കേരളത്തിൽ എത്തിച്ചത്. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് നിക്ക് പവല്‍ ആണ്.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Pawan Kalyan film Hari hara veera mallu suffers huge loss

dot image
To advertise here,contact us
dot image