
ഓണത്തിന് മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ ഏതൊക്കെയാണെന്നു കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ലാലേട്ടന്‍ ചിത്രമായ ഹൃദയപൂര്‍വ്വവും, ഫഹദ് ഫാസില്‍ ചിത്രമായ 'ഓടും കുതിര ചാടും കുതിരയും, തീര്‍ച്ചയായും ഓണ സമ്മാനങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത്തവണത്തെ ഓണത്തിന് യുവതാരങ്ങളുടെ സിനിമകളും തിയേറ്റുകളില്‍ കൈയ്യടി നേടാന്‍ എത്തുന്നുണ്ട്. ഹൃദു ഹറൂണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രമാണ് താരരാജാക്കന്മാരുടെ സിനിമയോടൊപ്പം തിയേറ്ററില്‍ എത്തുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വം തീര്‍ച്ചയായും ഒരു ഫാമിലി കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് ടീസറിലൂടെ വ്യക്തമാണ്. അതുപോലെ തന്നെ അഭിനേതാവായി തിളങ്ങികൊണ്ടിരിക്കുന്ന അല്‍ത്താഫ് സലീമിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയും തിയേറ്ററില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഈ ചിത്രങ്ങളുടെ ഒപ്പം തിയേറ്ററില്‍ മത്സരിക്കാന്‍ എത്തുകയാണ് 'കാന്‍' പുരസ്‌കാര ജേതാവും മുറ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനുമായ ഹൃദു ഹറൂണ്‍ നായകനായി എത്തുന്ന മേനെ പ്യാര്‍ കിയ. മലയാളത്തില്‍ ഇതുവരെ കാണാത്ത ഒരു ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
'ആള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' എന്ന സിനിയിലെ പ്രകടനത്തിനു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടി ഹൃദു ഹാറൂണ്‍ മലയാളത്തിലേക്ക് പ്രത്യക്ഷപ്പെടുന്നത് മുറ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാര്‍, ബ്രിന്ദ മാസ്റ്ററുടെ തഗ്സ്, ആമസോണിലെ ക്രാഷ് കോഴ്സ് തുടങ്ങിയവയിലൂടെ നാഷണല്‍ ലെവലില്‍ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണെന്ന് അതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ മുറയിലെ അനന്തു എന്ന കഥാപാത്രം തിയേറ്ററില്‍ ഏറെ ശ്രദ്ധ നേടിയിരുന്നെങ്കിലും സിനിമ വലിയ വിജയം സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ഒടിടിയില്‍ ചിത്രം വമ്പന്‍ ഹിറ്റ് ആയിരുന്നു. ഇതോടെ പ്രേക്ഷകരുടെയും നിരൂപകരുടെയും മനസില്‍ ഹൃദുവിന്റെ സ്ഥാനവും നേടി. ഓണത്തിന് 'മേനേ പ്യാര്‍ കിയ'യിലൂടെ പ്രേക്ഷകരുടെ ഇഷ്ട യുവതാരങ്ങളുടെ പട്ടികയിലേക്ക് ഹൃദു ഹാറൂണും ഇടം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Content Highlights: Hridhu Haroon comes with Maine Pyar Kiya for Onam release