
ആപ്പിള്‍ ടിവിയില്‍ റിലീസിനൊരുങ്ങുന്ന പ്ലുരിബസ് (pluribus) എന്ന സിരീസാണ് ഇപ്പോള്‍ സീനിഫൈല്‍സിനിടയിലെ പുതിയ ചര്‍ച്ചാവിഷയം. ആഗോളതലത്തില്‍ ആരാധകരുള്ള ബ്രേക്കിംഗ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ സീരിസുകള്‍ ഒരുക്കിയ വിന്‍സ് ഗില്ലിഗനാണ് പ്ലുരിബസിന്റെ ക്രിയേറ്റര്‍. സീരിസ് ആരാധകര്‍ക്ക് സന്തോഷമാകാന്‍ ഇതിനേക്കാള്‍ വലിയ കാരണം വേണ്ടല്ലോ.
നവംബര്‍ ഏഴിന് പ്ലുരിബസ് സ്ട്രീമിങ് ആരംഭിക്കും. ബെറ്റര്‍ കോള്‍ സോളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ റെയ സീഹോണാണ് ഈ സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരോള്‍ എന്ന കഥാപാത്രമായാണ് പുതിയ സീരിസില്‍ നടി എത്തുന്നത്.
കരോലിന വൈഡറ, കാര്‍ലോസ്-മാനുവല്‍ വെസ്ഗ, മിറിയം ഷോര്‍, സാംബ ഷൂട്ട് എന്നിവരാണ് സീരിസില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഡേറ്റ് അനണ്‍സ്‌മെന്റ് ടീസര്‍ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
സോണി പിക്‌ച്ചേഴ്‌സ് ടെലിവിഷനാണ് പ്ലുരിബസിന്റെ നിര്‍മാതാവ്. വിന്‍സ് ഗില്ലിഗനൊപ്പം ഗോര്‍ഡന്‍ സ്മിത്ത്, അലിസണ്‍ ടാറ്റ്‌ലോക്ക്, ഡയാന്‍ മേഴ്‌സര്‍, എലൈസ് ഓസര്‍സ്‌കി, ജെഫ് ഫ്രോസ്റ്റ് എന്നിവരാണ് സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
Content Highlights: Breaking Bad creator Vince Gilligan's new series Pluribus streaming date out