
ആക്ഷനോടൊപ്പം നിറയെ ഡ്രാമയും ഇമോഷനും കൂടിക്കലർന്ന സിനിമയാകും കൂലിയെന്ന് നേരത്തെ തന്നെ സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് സിനിമയിലെ ഫ്ലാഷ് ബാക്ക് എന്ന് പറയുകയാണ് ലോകേഷ്. ഈ ഫ്ളാഷ് ബാക്ക് വിഷ്വൽ അല്ലെങ്കിൽ വോക്കൽ ആയിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇതിന് പിന്നാലെ, ചിത്രം ഇനി ഫീൽ ഗുഡ് വൈബ് ആകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
'കഥയുടെ ആവശ്യപ്രകാരം കൂലിക്ക് വേണ്ടി പുതിയൊരു ഫ്ലാഷ്ബാക്ക് ഞാൻ പരീക്ഷിച്ചു. അത് എന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് വിഷ്വൽ അല്ലെങ്കിൽ വോക്കൽ ആയിരിക്കും. റിലീസ് തീയതി സമ്മർദ്ദമില്ലാതെ ഞാൻ ആദ്യം പ്രവർത്തിച്ച സിനിമ കൂലി ആയിരുന്നു. കാരണം ഈ സിനിമയുടെ റിലീസ് ഓഗസ്റ്റ് 14 ന് എന്നത് തീരുമാനിച്ചത് ഞാനാണ്. കാരണം മറ്റു ചിത്രങ്ങളിൽ ഒരു റിലീസ് ഡേറ്റ് ആദ്യമേ കണ്ടെത്തിയിരിക്കും. അതിലേക്ക് എത്തിക്കാൻ ഞാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇതിൽ അതൊന്നും ഉണ്ടായിരുന്നില്ല,' ലോകേഷ് പറഞ്ഞു.
കൂലിയുടെ റിലീസിനായി ആകാംക്ഷപൂര്‍വം കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമിര്‍ ഖാന്‍റെ കാമിയോ റോളുമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Lokesh says the movie Coolie will be different from his previous films