
സിനിമാ ഷൂട്ടിങ്ങിനെ പല തരത്തിലുള്ള മോശം അനുഭവങ്ങളിലൂടെ അഭിനേതാക്കള്‍ കടന്നുപോകാറുണ്ട്. സഹതാരങ്ങളില്‍ നിന്നോ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ച് പിന്നീട് പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു മോശം അനുഭവം തുറന്നു പറയുകയാണ് വിദ്യ ബാലൻ. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്റിമേറ്റ് രംഗത്തിൽ സഹനടന്‍ ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കാതെ അഭിനയിച്ചുവെന്ന് പറയുകയാണ് നടി. തനിക്ക് അതിൽ ബുദ്ധിമുട്ടുണ്ടായെന്നും വിദ്യ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അദ്ദേഹം ചൈനീസ് ഭക്ഷണം കഴിച്ചിരുന്നു. എനിക്ക് വെളുത്തുള്ളിയുടെയും സോയ സോസിന്റെയും എല്ലാം ഗന്ധം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ബ്രഷ് ചെയ്തിട്ടില്ലെന്ന് എനിക്ക് മനസിലായി. ഞങ്ങൾക്ക് ഒരു പ്രണയ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിനും ഒരു പാര്‍ട്ണറൊക്കെ കാണില്ലേ എന്ന് ഞാന്‍ ആ സമയത്ത് ആലോചിച്ചു പോയി. ഈ ഇന്‍റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യാന്‍ വരുന്നതിന് മുന്‍പ് ബ്രഷ് ചെയ്യാന്‍ അദ്ദേഹത്തിന് തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ഏറെ നേരം ചിന്തിച്ചിരുന്നു," വിദ്യ ബാലൻ പറഞ്ഞു.
അതേസമയം, തന്റെ ആദ്യ ചിത്രമായ പരിണീതയിൽ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ സഞ്ജയ് ദത്ത് തന്നോട് വളരെ മാന്യമായി ഇടപെട്ടതിനെ കുറിച്ചും അഭിമുഖത്തിൽ നടി ഓർത്തെടുത്തു. 'ഏതൊരു പുതുമുഖത്തിനും അത്തരം സാഹചര്യങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നിയേക്കാം. ഞാൻ വല്ലാതെ പരിഭ്രാന്തയായിരുന്നു. അപ്പോൾ സഞ്ജയ് എന്നെ വളരെ നന്നായി സഹായിച്ചു. അദ്ദേഹം വളരെ ശാന്തനായിരുന്നു, 'നമുക്ക് ഇത് പടി പടിയായി ചെയ്യാം. പതുക്കെ പോകാം' എന്ന് പറഞ്ഞു.
ചിത്രീകരണത്തിന്റെ അവസാന ദിവസം അദ്ദേഹം ഞാൻ ഓക്കേ അല്ലെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. അദ്ദേഹം എന്നെ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ടാണ് പോയത്. അദ്ദേഹത്തിനും ആ രംഗം ചിത്രീകരിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അത് സത്യത്തില്‍ എന്നെ ശാന്തമാക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസിലായിരുന്നു. സഞ്ജയ് ദത്തിനെപോലെ ഒരാൾ അങ്ങനെ ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നിയിരുന്നു,' വിദ്യ പറഞ്ഞു.
Content Highlights: Vidya Balan says her co-star didn't brush her teeth while filming an intimate scene