
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിലെ അന്വേഷണങ്ങളുമായി സഹകരിച്ചാൽ ഗിസ്ലെയ്ൻ മാക്സ്വെലിന് മാപ്പ് നൽകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗിസ്ലെയ്ൻ മാക്സ്വെലിന് മാപ്പ് നൽകാൻ എനിക്ക് അനുവാദമുണ്ട്, എന്നാൽ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലയെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്.
ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയിലെ പങ്ക് തെളിയിക്കപ്പെട്ടതിനെ തുടർന്ന് ഗിസ്ലെയ്ൻ മാക്സ്വെൽ ഇപ്പോൾ 20 വർഷത്തെ തടവ് ശിക്ഷയിലാണ്. എപ്സ്റ്റീൻ്റെ കാമുകിയായാണ് മാക്സ്വെൽ അറിയപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവിടാൻ ഭരണകൂടത്തിന് സമ്മർദ്ദമുണ്ട്. അതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ ഗിസ്ലെയ്ൻ മാക്സ്വെലിനെ ജയിലിൽ സന്ദർശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ടോഡ് ബ്ലാഞ്ചെ മാക്സ്വെലിനെ സന്ദർശിക്കുന്നത്. ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായിരുന്നു കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഗിസ്ലെയ്ൻ മാക്സ്വെലിന് മാപ്പ് നൽകാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ റിപ്പബ്ലിക്കൻ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
1961 ഡിസംബർ 25 ന് ബ്രിട്ടനിലാണ് ഗിസ്ലെയ്ൻ മാക്സ്വെൽ ജനിച്ചത്. ബ്രിട്ടീഷ് മാധ്യമ സ്ഥാപനത്തിന്റെ ഉടമയും പാർലമെന്റ് അംഗവുമായിരുന്ന റോബർട്ട് മാക്സ്വെലാണ് ഇവരുടെ പിതാവ്. ഹോളോകോസ്റ്റ് ഗവേഷകയായിരുന്നു ഗിസ്ലെയ്ൻ മാക്സ്വെലിന്റെ മാതാവ്. ഒമ്പത് സഹോദരങ്ങളിൽ ഏറ്റവും ഇളയവളായിരുന്നു ഗിസ്ലെയ്ൻ.
അതേസമയം, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ട്രംപിൻ്റെ പേര് ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ട്രംപിനെ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കേസ് പുനഃപരിശോധിച്ചതിന് ശേഷമുള്ള നീതിന്യായ വകുപ്പിൻ്റെ വിശദീകരണത്തിൻ്റെ ഭാഗമാണ് അറ്റോർണി ജനറൽ പ്രസിഡൻ്റിനെ വിവരങ്ങൾ ധരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ എപ്സ്റ്റീൻ്റെ ക്ലയിന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ടിനെ വ്യാജവാർത്ത എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. അതേസമയം ചില ഫയലുകളിൽ ട്രംപിന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെ ഭരണകൂടം നിഷേധിച്ചിട്ടില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ബോണ്ടിയും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് നേരിട്ട് സ്ഥിരീകരിക്കാതെ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഫയലുകളിൽ കൂടുതൽ അന്വേഷണത്തിൻ്റെയോ പ്രോസിക്യൂഷൻ്റെയോ ആവശ്യമില്ല. കൂടാതെ അന്തർലീനമായ ഗ്രാൻഡ് ജൂറി ട്രാൻസ്ക്രിപ്റ്റുകൾ വെളിപ്പെടുത്താൻ തങ്ങൾ കോടതിയിൽ ഒരു പ്രമേയം ഫയൽ ചെയ്തിരുന്നു. പതിവ് ബ്രീഫിംഗിന്റെ ഭാഗമായി കണ്ടെത്തലുകൾ തങ്ങൾ പ്രസിഡന്റിനെ അറിയിച്ചു എന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.
1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും ട്രംപ് എപ്സ്റ്റീനുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിനായുള്ള വിമാന ലോഗുകളിൽ ട്രംപിന്റെ പേര് നിരവധി തവണ പ്രത്യക്ഷപ്പെടുന്നതായി രേഖകൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപിൻ്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരുകൾ എപ്സ്റ്റീന്റെ കോൺടാക്റ്റ് ബുക്കിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എപ്സ്റ്റീന്റെ മുൻ കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ്‌വെല്ലിനെതിരായ ക്രിമിനൽ കേസിനിടെയാണ് കേസുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും പുറത്തുവന്നത്. കുട്ടികളെ ലൈംഗികമായി കടത്തുന്നതിനും മറ്റ് കുറ്റകൃത്യങ്ങൾക്കും മാക്സ്‌വെല്ലിന് 20 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ട്രംപ് എപ്‌സ്റ്റീന്റെ വിമാനത്തിൽ പലതവണ പറന്നതായി എപ്‌സ്റ്റീന്റെ പൈലറ്റ് മാക്സ്‌വെല്ലിന്റെ വിചാരണയ്ക്കിടെ മൊഴി നൽകിയിരുന്നു. എന്നാൽ ട്രംപ് ഇത് നിഷേധിച്ചിരുന്നു.
എപ്‌സ്റ്റീൻ കേസിൽ അന്വേഷണം തുടരേണ്ട ആവശ്യമില്ലെന്ന് നീതിന്യായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ശക്തരായ ആളുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ ആഗ്രഹിക്കുന്ന നിരവധി ട്രംപ് അനുയായികളെ ഈ തീരുമാനം അസ്വസ്ഥരാക്കിയിരുന്നു. നേരത്തെ എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഇലോൺ മസ്കും രംഗത്ത് വന്നിരുന്നു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.
2003ൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് അയച്ച പിറന്നാൾ ആശംസാ കാർഡിൽ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നെന്ന് നേരത്തെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വാൾ സ്ട്രീറ്റ് ജേണലിനും റൂപർട്ട് മാർഡോക്കിനും രണ്ട് റിപ്പോർട്ടർമാർക്കുമെതിരെ ട്രംപ് മാനഷ്ടക്കേസ് നൽകിയിരുന്നു. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടത്. രണ്ട് വാർത്തയ്‌ക്കെതിരെയാണ് ട്രംപ് കേസ് നൽകിയിരിക്കുന്നത്.
ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ടയാളാണ് ജെഫ്രി എപ്‌സിറ്റീൻ. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്‌ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ നേരത്തെ രംഗത്ത് വന്നിരുന്നു.
2005-ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാല ലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്സൺ, നടൻ അലക് ബാൾഡ്വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്‌റ്റൈൻ എന്നിവർ ജെഫ്രി എപ്സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Trump says Ghislaine Maxwell could be pardoned if she cooperates with Jeffrey Epstein investigation