
കൊച്ചി: മലയാളി ഗായകർക്കായി ആൾ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി എയ്മ വോയ്സ് 2025 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങൾ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15നുള്ളിൽ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാകുക.
മേഖലാതല മത്സരങ്ങൾ ഒക്ടോബർ 26 ദക്ഷിണ മേഖല (ചെന്നൈ) നവംബർ രണ്ട് ഉത്തര മേഖല (ഡൽഹി) നവംബർ ഒമ്പത് പശ്ചിമ മേഖല (മുംബൈ) നവംബർ 16, പൂർവ്വ മേഖല (കൊൽക്കത്ത ) എന്നിങ്ങനെയാണ്. മേഖലാതല മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എയ്മ വോയ്സ് ഗ്രാന്റ് ഫിനാലെ ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിൽ നടക്കും. സംസ്ഥാന മേഖലാ തല മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും ഗ്രാന്റ് ഫിനാലെയിലെ വിജയികൾക്ക് ഒന്നാം സമ്മാനം അൻപതിനായിരം രൂപയും രണ്ടാം സമ്മാനം ഇരുപത്തയ്യായിരം രൂപയും മൂന്നാം സമ്മാനം പതിനയ്യായിരം രൂപയും ലഭിക്കും. ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനാർഹർക്ക് ലഭിക്കും.
ദക്ഷിണ മേഖലയിൽ ആന്ധ്രപ്രദേശ്, കർണാടക, കേരളം, പോണ്ടിച്ചേരി. തമിഴ്നാട്, തെലങ്കാന. പശ്ചിമ മേഖലയിൽ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്. ഉത്തരമേഖലയിൽ ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്. പൂർവ്വ മേഖലയിൽ ആൻഡമാൻ, ആസാം, അരുണാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മേഘാലയ, നാഗാലാന്റ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരാണ് മത്സരിക്കുക.
പത്ത് മുതൽ 15 വയസു വരെയുള്ള ജൂനിയർ, 16 മുതൽ 25 വയസു വരെയുള്ള സീനിയർ, 26 വയസിനു മുകളിലുള്ള സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന തല മത്സരങ്ങളിൽ നിന്നു ഓരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർ വീതം മേഖലാതല മത്സരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടും, മേഖലാതല മത്സരങ്ങളിൽ നിന്ന് ഒരോ ഗ്രൂപ്പിൽ നിന്നും മൂന്ന് പേർ വീതം ഗ്രാന്റ് ഫിനാലെയിൽ മത്സരിക്കാനും അർഹതനേടും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഗസ്റ്റ് 15 നു മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ജനറൽ സെക്രട്ടറി കെ ആർ മനോജ്, എയ്മവോയ്സ് സംഘാടക സമിതി ചെയർമാൻ പി എൻ ശ്രീകുമാർ എന്നിവർ അറിയിച്ചു. 500 രൂപയാണ് എൻട്രി ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9884909366 എന്ന നമ്പറിലും ബന്ധപ്പെടാം.
Content Highlight: Aima Voice National Music Competition from August to December