
ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. യഷ് ആണ്
സിനിമയിൽ രാവണനായി എത്തുന്നത്. ടീസറിന് അവസാനം രൺബീർ കപൂറിന്റെ രാമനും ഗാംഭീര്യത്തോടെ വന്നു പോകുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ടീസർ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.
Content Highlights: Nitish Tiwari's film Ramayana teaser is out