
കെ.പി.എ.സി ലളിതയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന് ലാല്‍ ജോസ്. പണ്ട് കാലത്തെ ഷൂട്ടിങ് സെറ്റുകളില്‍ ഡബ്ല്യു.സി.സി(വുമണ്‍ ഇന്‍ സിനിമ കളക്ടീവ്) പോലെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു കെപിഎസി ലളിത എന്ന് ലാല്‍ ജോസ് പറയുന്നു. സ്വന്തം യൂട്യുബ് ചാനലിലൂടെയായിരുന്നു നടിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
സെറ്റുകളില്‍ അമ്മയുടെയോ മൂത്ത ചേച്ചിയുടെയോ സ്ഥാനമായിരുന്നു കെപിഎസി ലളിതയ്ക്കുണ്ടായിരുന്നതെന്നും എല്ലാവരുടെയും കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നെന്നും ലാല്‍ ജോസ് ഓര്‍ത്തെടുത്തു. 'സെറ്റില്‍ എന്തെങ്കിലും അനാവശ്യ കാര്യങ്ങള്‍ ഉണ്ടായാല്‍ അന്ന് ഡബ്ല്യു.സി.സി ഒന്നുമില്ലല്ലോ, ലളിത ചേച്ചി ആയിരുന്നു അന്നത്തെ ഡബ്ല്യു.സി.സി. ലളിത ചേച്ചിയോട് പരാതി പറഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരെ വഴക്ക് പറയും. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു. ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.' ലാല്‍ ജോസ് പറഞ്ഞു.
നീണ്ട നാള് സിനിമയില്‍ തുടരാനായ നടിമാരുടെ എണ്ണം വളരെ കുറവാണെന്ന് പറഞ്ഞ ലാല്‍ ജോസ് സുകുമാരിയും കെപിഎസി ലളിതയും മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യങ്ങളായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. 'സിനിമയില്‍ ഇത്രയും കാലം നിലനിന്ന നടിമാര്‍ വളരെ കുറവാണ്. സുകുമാരിയമ്മയും ലളിത ചേച്ചിയുമൊക്കെ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത രണ്ട് നടിമാരായിരുന്നു. അതില്‍ തന്നെ ലളിതചേച്ചിയ്ക്ക് കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തിന്റെ വലിയ പശ്ചാത്തലവും പിന്‍ബലവും ഉണ്ടായിരുന്നു,' ലാല്‍ ജോസ് പറഞ്ഞു.
സംവിധാന സഹായിയിരുന്ന സമയത്തും സ്വതന്ത്രസംവിധായകനായിരുന്നപ്പോഴും കെപിഎസി ലളിതയ്ക്കൊപ്പം സിനിമകള്‍ ചെയ്യാനായതിനെ കുറിച്ചും ലാല്‍ ജോസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. സംവിധായകനും ജീവിതപങ്കാളിയുമായിരുന്ന ഭരതന്റെ സഹസംവിധായകനാകാന്‍ വരണമെന്ന് നടി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് സാധിച്ചില്ലെന്നും ലാല്‍ ജോസ് പറയുന്നു.
സംവിധാന സഹായിയിരുന്ന സമയത്ത് ചെയ്ത നിരവധി സിനിമകളില്‍ കെപിഎസി ലളിത ഭാഗമായിരുന്നെങ്കിലും സ്വതന്ത്രസംവിധായകനായ ശേഷം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലാണ് നടിക്കൊപ്പം പ്രവര്‍ത്തിക്കാനായത് എന്നും ലാല്‍ ജോസ് പറയുന്നു. വൈകിയെങ്കിലും വളരെ മികച്ച വേഷത്തിലേക്ക് തന്നെ വിളിച്ചതില്‍ സന്തോഷമുണ്ട് എന്നായിരുന്നു ലളിത ചേച്ചി ചിത്രത്തിലെ അമ്മവേഷത്തെ കുറിച്ച് പറഞ്ഞതെന്നും ലാല്‍ ജോസ് പറഞ്ഞു.
Content Highlights : Lal Jose says KPAC Lalitha acted like WCC in the film sets